[] കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നഷ്ട പരിഹാരവും പുനരധിവാസവും ചര്‍ച്ച ചെയ്യാനുള്ള സെല്‍ യോഗത്തില്‍ മന്ത്രി എത്തിയത് ഒന്നര മണിക്കൂര്‍ വൈകി.
വ്യാഴാഴ്ച്ച നടന്ന സെല്‍യോഗത്തിന്റെ ചെയര്‍മാനും അദ്ധ്യക്ഷനുമാണ് കൃഷിമന്ത്രി കെ.പി മോഹനന്‍.
മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും അനാസ്ഥ കൊണ്ട് പത്തരക്ക് തുടങ്ങേണ്ട യോഗം ആരംഭിച്ചത് 12 കഴിഞ്ഞാണ്.
മറ്റൊരു പരിപാടിയിലും പങ്കെടുത്ത വരുന്ന മന്ത്രി യോഗത്തില്‍ എത്തിയപ്പോള്‍ ഏറെ നേരം വൈകിയിരുന്നു. പലരും തിരിച്ചു പോയി.
30 ല്‍ താഴെ അംഗങ്ങള്‍ മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളു.
പിന്നീട് തങ്ങളുടെ ഇഷ്ടം പോലെ എം.എല്‍.എ മാരടക്കമുള്ള അംഗങ്ങളുമെത്തി. അപ്പോഴേക്കും കരുണാകരന്‍ എം. പി അടക്കമുള്ളവര്‍ കാത്തിരുന്നു മുഷിഞ്ഞിരുന്നു.
മന്ത്രിയും വന്ന് യോഗം തുടങ്ങാനിരുന്നപ്പോള്‍ ഉണ്ടായിരുന്നത് 37 പേര്‍ മാത്രം. പഞ്ചായത്ത് പ്രസിഡണ്ട് അടക്കം ആകെ വരേണ്ടിയിരുന്ന 64പേരില്‍ 24 പേര്‍ എത്തിയില്ല.
യോഗം കഴിയുന്നതിന് മുമ്പേ തന്നെ ജനപ്രതിനിധികള്‍ തിരക്കിന്റെ പേരും പറഞ്ഞ് പോവുകയും ചെയ്തു. കഴിഞ്ഞ യോഗത്തില്‍ ആകെയുള്ള 61 അംഗങ്ങളില്‍ പങ്കെടുത്തത് 36 പേര്‍ മാത്രം.
സെല്ലിന്റെ ആദ്യ യോഗം മുതലിങ്ങോട്ട് പരിശോധിച്ചു വരുമ്പോള്‍ സെല്ലിന്റെ പ്രവര്‍ത്തനം നാള്‍ക്ക് നാള്‍ ക്ഷയിച്ചു വരുകയാണ് എന്നാണ് മനസിലാകുന്നത്.
കളക്ടര്‍ പല ഉദ്യോഗസ്ഥര്‍ക്കും അന്ത്യശാസനം നല്‍കിയിട്ടുണ്ടെങ്കിലും അവലോകന സമയത്ത് പലരെയും കാണാറില്ല.
വ്യഴാഴ്ച്ച നടന്ന യോഗത്തിലെ അംഗസംഖ്യയില്‍ നിന്ന് പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുള്ള രാഷ്ട്രീപ്രവര്‍ത്തകര്‍ക്കും യോഗം മടുത്ത മട്ടാണെന്നാണ് വ്യക്തമാകുന്നത്.