| Thursday, 12th January 2017, 9:36 am

ജിഷ്ണു ഒരിക്കലും ആത്മഹത്യ ചെയ്യില്ല: എല്ലാവരും ഒരുമിച്ച് നിന്ന് നീതി ലഭ്യമാക്കണം: ജിഷ്ണുവിന്റെ വീട്ടിലെത്തിയ വിദ്യാഭ്യാസമന്ത്രിയോട് അമ്മ മഹിജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു.

ജിഷ്ണുവിന്റെ മാതാപിതാക്കളുമായി സംസാരിച്ച മന്ത്രി ഇരുവരേയും ആശ്വസിപ്പിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മന്ത്രിയോട് പറഞ്ഞു.

മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റ് മാത്രമാണ്. തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്നു ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് പറഞ്ഞു.

രാജ്യത്തിന് അഭിമാനമായി വളരേണ്ടവനായിരുന്നു മകന്‍. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കോളേജ് മാനേജ്മെന്റാണ് മകന്റെ മരണത്തിന് ഉത്തരവാദി. എല്ലാവരും ഒരുമിച്ച് നിന്ന് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അമ്മ മന്ത്രിയോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വീട്ടില്‍ നിന്നും മടങ്ങവെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു

ഇതൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. സര്‍വകലാശാലതലത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമായതോടെ ആണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പരിശോധിക്കാനും ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു.

അതേസമയം ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പുതിയ സംഘം ഇന്ന് കോളെജിലെത്തും. ഇരിങ്ങാലക്കുട എ.എസ.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

അതേസമയം ഹോസ്റ്റലിന് സമീപത്തെ ഓടയില്‍നിന്നും കണ്ടെടുത്ത കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്നറിയാന്‍ ഫോറസിക് പരിശോധനക്ക് അയച്ചു.

We use cookies to give you the best possible experience. Learn more