കേന്ദ്ര മന്ത്രി സഭാപുനസംഘടനം; കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ രാജി വെച്ചു
India
കേന്ദ്ര മന്ത്രി സഭാപുനസംഘടനം; കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 8:32 pm

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ആണ് രാജി വെച്ചത്. മന്ത്രി സഭാ പുന:സംഘടനത്തിന്റെ ഭാഗമായി നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജി വെച്ചിരുന്നു.

മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുന്നുവെന്ന് സൂചനയുണ്ട്. ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനപ്രകാരം പുനസംഘടന സുഗമമാക്കാനാണ് മന്ത്രിമാരുടെ രാജി.

അഞ്ച് മന്ത്രിമാര്‍ ഇതിനോടകം രാജിവെക്കുകയോ ഇനി രാജിവെക്കുകയോ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജീവ് പ്രതാപ് റൂഡിയുടെയും ബന്ദാരു ദത്താത്രേയയുടെയും രാജി മാത്രമാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.


Also read ‘എന്റെ നിറം കാവിയല്ല’; പിണറായിയുടെത് ‘ഗ്രേറ്റ് സര്‍ക്കാര്‍’; തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍


ഇതിനു പുറമെ ജലവിഭവമന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യന്‍, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവരും പുനസംഘടനയുടെ ഭാഗമായി പുറത്ത് പോകുമെന്നാണ് സൂചന.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ടോളം കേന്ദ്രമന്ത്രിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തിയാണ് പുനസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കിയത്.
ഇതേ തുടര്‍ന്നാണ് മന്ത്രിമാരുടെ രാജി മുന്നണിയിലേക്ക് പുതുതായെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കി അടുത്ത തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും പുനസംഘടനയുടെ പിന്നിലുണ്ട്.