| Thursday, 5th April 2018, 10:44 am

മന്ത്രിമാരായതിന് പിന്നാലെ നര്‍മ്മദ സമരം ഉപേക്ഷിച്ച് മധ്യപ്രദേശിലെ ബാബമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: സഹമന്ത്രി സ്ഥാനം ലഭിച്ചതിന് പിന്നാലെ നര്‍മദ വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും രണ്ട് ബാബമാര്‍ പിന്‍വാങ്ങി. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം അംഗീകരിച്ച സാഹചര്യത്തില്‍ തങ്ങളെന്തിന് “നര്‍മദ കുംഭകോണ യാത്ര” നടത്തണമെന്ന് പ്രതിഷേധ യാത്രയുടെ നേതൃതസ്ഥാനത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.

പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത്, ബാബാ നര്‍മ്മദാന്ദ് മഹരാജ്, ഹരിഹരാനന്ദ് മഹരജ്, കമ്പ്യൂട്ടര്‍ബാബ, ഭയ്യു മഹാരാജ് എന്നിവവര്‍ക്കാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനംനല്‍കിയത്. നര്‍മദയിലെ അനധികൃത മണല്‍ഖനനത്തിനെതിരെയും സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും മെയ് 1 മുതല്‍ 15വരെ മധ്യപ്രദേശിലെ 45 ജില്ലകളിലൂടെ റാലി നടത്തുമെന്ന് ബാബമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയത്.

സന്യാസിമാരായിരിക്കെ മന്ത്രിസ്ഥാനം സ്വീകരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥാനമോ സര്‍ക്കാര്‍ സൗകര്യങ്ങളോ കിട്ടിയില്ലെങ്കില്‍ നര്‍മദയ്ക്കായി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.


Read more:‘ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറും’ അന്ത്യശാസനവുമായി രാജസ്ഥാനിലെ ദളിതര്‍


നര്‍മദാ തീരം ഹരിതാഭമാക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ കോടികള്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു സന്യാസിമാര്‍ റാലി പ്രഖ്യാപിച്ചത്. എന്നാല്‍ അഴിമതിക്കഥ പുറത്തു വരാതിരിക്കാന്‍ സര്‍്ക്കാര്‍ നടത്തിയ നീക്കമാണിതെന്നാണ് ഉയരുന്ന വിമര്‍ശനം.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെ്ച്ച് സര്‍്ക്കാര്‍ മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണെന്നും തങ്ങളെ വിമര്‍ശിക്കുന്നവരെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് മന്ത്രി പദവിയെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര പറഞ്ഞു.

We use cookies to give you the best possible experience. Learn more