എ.ഐ. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയുണ്ടാകില്ല
Kerala News
എ.ഐ. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th April 2023, 5:01 pm

തിരുവനന്തപുരം: എ.ഐ. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയുണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ഈ സമയം ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് എ.ഐ. ക്യാമറകകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ നിയമങ്ങള്‍ ശക്തമാക്കുക മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും എ.ഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ നിയമലംഘകര്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതിയെന്നും ആന്റണി രാജു പറഞ്ഞു.

എ.ഐ. ക്യാമറകള്‍ ഉള്‍പ്പെട്ട സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പി.വി.സി പി.ഇ.ടി.ജി ലൈസന്‍സ് കാര്‍ഡിന്റെ ഉദ്ഘാടനവും നടന്നു.

ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കും. വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന കുറക്കാനാകും. ഇടറോഡുകളിലും ക്യാമറ സ്ഥാപിക്കും .നല്ലൊരു റോഡ് സംസ്‌കാരം രൂപപ്പെടുത്തണം. നിയമം പാലിക്കാനുള്ളതാണ്. ആ ബോധം എല്ലാവര്‍ക്കും വേണം,’ മുഖ്യമന്ത്രി പറഞ്ഞു.