| Sunday, 18th November 2018, 3:45 pm

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയില്‍; പ്രഖ്യാപനം ബി.ജെ.പി ദേശീയ നേതാക്കള്‍ ശബരിമലയില്‍ എത്തുമെന്ന വാര്‍ത്തക്കു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. നേരത്തെ ബി.ജെ.പിയുടെ ദേശീയ നേതാക്കളും എം.പിമാരും ശബരിമലയില്‍ എത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരേയും ശബരിമലയിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനേയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്.


ശബരിമല പ്രക്ഷോഭം സജീവമായി നിലനിര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് പൊലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ശബരിമലയില്‍ സന്നിധാനത്തേക്കെത്താന്‍ ശ്രമിച്ചാല്‍ തടഞ്ഞ് തിരിച്ചയക്കാനും വഴങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. അങ്ങനെയാണെങ്കില്‍ കെ.സുരേന്ദ്രന്റെയും കെ.പി. ശശികലയുടെയും കരുതല്‍ നടപടികള്‍ അവസാനിക്കില്ല. ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more