പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ അകപ്പെട്ടുപോയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും വനംവകുപ്പ് പിന്മാറുകയായിരുന്നു.
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആണ് ഇക്കാര്യം പറഞ്ഞത്.
”ഇങ്ങനെ വനത്തിനുള്ളില്‍ പോകുന്ന ആളുകള്‍ വനംവകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചാല്‍ അത് അവരുടെ തന്നെ രക്ഷക്ക് വലിയ ഗുണം ചെയ്യും. അതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ അനുവാദം വാങ്ങണമെന്ന് പറയുന്നത്.
അല്ലാതെ വനംവകുപ്പിന്റെ മാത്രം അഭിമാനപ്രശ്‌നമല്ല ഇത്. ബാബു രക്ഷപ്പെട്ടതില്‍ പൊതുസമൂഹം ആഹ്ലാദിക്കുന്ന ഘട്ടത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് എത്രമാത്രം അഭികാമ്യമാകുമെന്നാണ് എല്ലാവരുമായി ആലോചിച്ചത്.
ബാബുവിന്റെ അമ്മയുമായി സംസാരിച്ചു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്നാണ് അവര്‍ പറഞ്ഞു. ആ അമ്മയുടെ വേദന അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും വനംവകുപ്പ് ഉള്‍ക്കൊള്ളുന്നു.
അതിന്റെ ഭാഗമായി, തുടര്‍നടപടികള്‍ സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. ബാബുവിനെയും കുടുംബത്തെയും ഉപദ്രവിക്കുന്ന ഒരു നിലപാടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല,” എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് സ്വന്തം സുരക്ഷക്ക് തന്നെ ഭീഷണിയാകും, എന്ന വസ്തുത മനസ്സിലാക്കി ഇനിയെങ്കിലും ആളുകള്‍ ശ്രദ്ധ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
ബാബുവിനോ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമെടുക്കില്ലെന്ന് സി.പി.ഐ.എമ്മിന്റെ എ.കെ. ബാലനും വ്യക്തമാക്കിയിരുന്നു.
വനംവകുപ്പിന്റെ നടപടിയെ സംബന്ധിച്ച് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് കേസെടുക്കില്ല എന്ന്. ഇനി അഥവാ എഫ്.ഐ.ആര്‍ ഇട്ടാല്‍ തന്നെ അത് അന്വേഷണത്തിന്റെ ഭാഗമായി റഫര്‍ ചെയ്യാവുന്നതല്ലേ ഉള്ളൂ. അത് അത്ര പ്രശ്‌നമുള്ളതല്ല.
ആ കുട്ടിക്കോ അവരുട മാതാപിതാക്കള്‍ക്കോ മാനസികമായി സ്പര്‍ധയുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നായിരുന്നു എ.കെ. ബാലന്‍ പറഞ്ഞത്.