കോഴിക്കോട്: വന്യജീവി ശല്യവും ആക്രമണവും തടയാന്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രശ്‌നത്തിലെ വസ്തുതകള്‍ മനസിലാക്കാതെയാണ് മലയോര മേഖലയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തിന്റെ തുടക്കത്തിലും ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രക്ഷോഭത്തിനിറങ്ങി. താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിന്റെ അഭിപ്രായത്തില്‍ തര്‍ക്കത്തിനില്ല. ഇപ്പോഴത്തെ നിയമം പര്യാപതമല്ലെന്ന് ബിഷപ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
”വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നത്. എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതില്‍ തര്‍ക്കത്തിനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്,” എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ധോണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പി.ടി7 എന്ന കൊമ്പനാനയെ വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടികൂടിയതെന്നും കഴിഞ്ഞദിവസം ദൗത്യം പൂര്‍ത്തിയാക്കാമെന്ന് വിചാരിച്ചിരുന്നെങ്കിലും നടന്നില്ലെന്നും അതില്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
”മലമ്പുഴയില്‍ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ ആശ്വാസമായി”.
നിലവില്‍ പി.ടി7 ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് ദൗത്യസംഘം.
വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം താമരശേരിയിലെ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞത്.
ഗാഡ്ഗിലിന്റെ നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്ന് താമരശേരി രൂപത ബിഷപ്പും അഭിപ്രായപ്പെട്ടിരുന്നു.
വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടുന്നത് അവരുടെ എണ്ണം കുറക്കാനും വനത്തില്‍ ജീവിക്കുന്നവരെ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായകരമാകുമെന്ന് വെസ്റ്റേണ്‍ ഘട്ട്സ് ഇക്കോളജി എക്സ്പേര്‍ട്ട് പാനല്‍ (Western Ghats Ecology Expert Panel) ചെയര്‍പേഴ്സണ്‍ കൂടിയായ ഗാഡ്ഗില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വന്യമൃഗശല്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, നഗരങ്ങളില്‍ ജീവിക്കുന്ന ചില പരിസ്ഥിതിവാദികളാണ് ഇതേക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രഭാഷണം നടത്തുന്നതെന്നും വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്നും ദ ഫെഡറലിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറഞ്ഞു.
1972ലെ വന്യജീവി സംരക്ഷണ നിയമം (Wild Life Protection Act) മനുഷ്യര്‍ക്ക് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പ്രതികരിച്ചു.
പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നത് കൊണ്ടല്ല, മറിച്ച് കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം പോലുള്ള മറ്റ് കാര്യങ്ങളാണ് ജൈവ വൈവിധ്യം നശിപ്പിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Minister AK Saseendran on wild animals attack and Madhav Gadgil