| Friday, 24th April 2020, 4:49 pm

സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല; സ്പ്രിംക്ലറിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നെന്നും മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരായ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍.

താന്‍ എ.ജിയുമായി ബന്ധപ്പെട്ടിരുന്നെന്നും സര്‍ക്കാരിനെതിരെ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സ്പ്രിംക്ലറുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയതെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡാറ്റ എടുക്കുന്ന സമയത്ത് ഇതിന്റെ പ്രൊവൈഡേഴ്‌സ് ആരാണെന്ന് ബന്ധപ്പെട്ട ആളുകളോട് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതെല്ലാം ഉറപ്പുവരുത്തിക്കൊണ്ടുള്ള സ്റ്റേറ്റ്‌മെന്റാണ് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്തത്. ഡാറ്റയുടെ സുരക്ഷിതത്വം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയായിരിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഈ ഡാറ്റ എവിടെയായിരിക്കണം സ്‌റ്റോര്‍ ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത ആമസോണ്‍ ഉള്‍പ്പെടെയുള്ള 12 ക്ലൗഡ് പ്രൊവൈഡേഴ്‌സിന് മാത്രമേ ഡാറ്റ കൈമാറാന്‍ സാധിക്കുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് അതുള്ളത്.

അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത് പ്രൊവൈഡേഴ്‌സിന് മാത്രമേ ഡാറ്റ കൈമാറുള്ളു. അവര്‍ക്കല്ലാതെ വേറൊരാള്‍ക്കും ഈ ഡാറ്റ കൊടുക്കാന്‍ കഴിയില്ല. പിന്നെ അനാവശ്യമായി ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇത് വിറ്റ് കാശാക്കുകയാണ് എന്നെല്ലാം ചിലര്‍ ഒരു മനസുഖത്തിന് വേണ്ടി പറയുകയാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

സ്പ്രിംക്ലര്‍ കരാറില്‍ വിവര സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരോപണ വിധേയമായ കരാര്‍ പ്രകാരം കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഡാറ്റയുടെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും സ്പ്രിംക്ലറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കൊവിഡിന് ശേഷം ഡാറ്റ ചോര്‍ച്ച ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിലവില്‍ ഒരു ഡാറ്റയും സ്പ്രിംക്ലറിന്റെ കൈവശമില്ലെന്നും എല്ലാ ഡാറ്റയും കേരള സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുംബൈ മുംബൈയില്‍ നിന്നെത്തിയ മുംബൈ മുംബൈ സൈബര്‍ നിയമവിദഗ്ധന്‍ എന്‍.എസ് നാപ്പിനിയുടെ വാദം കോടതി രേഖപ്പെടുത്തി.

അതേസമയം ഡാറ്റ പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാണെന്നും ആശങ്കപ്പെടാനില്ലെന്നുസംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഹൈക്കോടതി ആരാഞ്ഞിരുന്നു.ഡാറ്റ ശേഖരണത്തിനായി മറ്റൊരു കമ്പനി ആവശ്യമുണ്ടോ എന്നും ഇതിന് കേന്ദ്ര ഏജന്‍സി പോരെയെന്നും കേസില്‍ വാദം കേള്‍ക്കവെ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞിരുന്നു.

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more