പാലക്കാട്: പ്രതിപക്ഷത്തിന്റെ ഏത് നീക്കവും നേരിടാന്‍ എല്‍.ഡി.എഫിന് സാധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല. ലീഗുകാര്‍ സഹകരിച്ചാല്‍ കൂടുതല്‍ പണമെത്തുമായിരുന്നു. സകാത്ത് നല്‍കുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ കൊടുത്തവരും വാങ്ങിയവരും തമ്മില്‍ സര്‍ക്കാരിന് ബന്ധമില്ല. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണാ പത്രം വിവരാവകാശം ചോദിച്ചാല്‍ കിട്ടും. കരാറിന് കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ല. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലെ കരാറിന് നിയമവകുപ്പിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട ഫയല്‍ നിയമമന്ത്രി കാണേണ്ടതില്ലെന്നും മന്ത്രിയല്ല നിയമോപദേശം നല്‍കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന പ്രതിപക്ഷ നീക്കം രാജ്യദ്രോഹകരമായ സമീപനമാണ്. അവിശ്വാസ പ്രമേയം കൊണ്ട് സര്‍ക്കാരിന് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. പ്രതിപക്ഷത്തിന്റെ ഏത് നീക്കവും നേരിടാന്‍ എല്‍.ഡി.എഫിന് സാധിക്കും. പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും എ.കെ ബാലന്‍ പറഞ്ഞു.