| Monday, 15th June 2020, 9:07 am

'അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന പഴയ നിലപാട് എനിക്കില്ല'; ആദിവാസികളെ ബാധിക്കുമെങ്കില്‍ ഡാമിന് ബോംബ് വെക്കുമെന്ന് താന്‍ പറഞ്ഞെന്ന് എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഴയ നിലപാട് തനിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. 25 വര്‍ഷത്തേക്ക് 850 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന കരാര്‍ നിലവിലുണ്ട്. കൂടംകുളത്തുനിന്നും 400 മെഗാവാട്ട് വൈദ്യുതി എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ പഴയ വൈദ്യുതി പ്രതിസന്ധിയില്ല. എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്ന് തീരുമാനിച്ച സി.പി.ഐ.എം, പിന്നീട് മുന്നണിയിലെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം മുതല്‍ കൊവിഡ് വരെ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനവികാരവും പരിസ്ഥിതി സന്തുലിതാവസ്ഥയും പരിഗണിക്കാതെ ഒരു തീരുമാനവും എടുക്കില്ല. മാരകമായ വൈറസ് ചുറ്റും ഉണ്ടായിട്ടും അതിനൊപ്പം ജീവിക്കാനുള്ള റിസ്‌ക് മനുഷ്യന്‍ എടുക്കുന്നില്ലേ? ലോഡ് ഷെഡിങ് തുടര്‍ക്കഥയാകുമായിരുന്നെങ്കില്‍ അതിരപ്പിള്ളിയെക്കുറിച്ചും ചിന്തിക്കേണ്ടി വരുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

പദ്ധതി നടപ്പിലാക്കിയാല്‍ത്തന്നെ ഒരു ആദിവാസിയെപ്പോലും ബാധിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പുകലപ്പാറയിലും വാഴച്ചാലുമുള്ള ഈ വിഭാഗങ്ങളെ അക്കാലയളവില്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ഒരു ആദിവാസിയുമില്ല. എങ്ങനെ വെള്ളം കയറിയാലും അവിടെ എത്തില്ല. എങ്കിലും കരുതലിന്റെ ഭാഗമായി ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാനും തൊഴില്‍ നല്‍കാനും തീരുമാനിച്ചിന്നെന്നും അദ്ദേഹം അറിയിച്ചു.

അവിടെയെത്തിയ എന്നെ തടയാനായി ഒരു ആദിവാസിയെയും കിട്ടിയില്ല. വേറെ എവിടെനിന്നോ ആളെ കൂട്ടിക്കൊണ്ട് വന്നാണ് അത് ചെയ്തത്. ആദിവാസികളെ ബാധിക്കുന്നുവെങ്കില്‍ ഡാമിന് മുകളില്‍ ബോംബിടാന്‍ മടിക്കില്ലെന്നാണ് സുകുമാര്‍ അഴീക്കോടിനോട് വികാരപരമായി ഞാന്‍ പറഞ്ഞത്. താങ്കളുടെ വിശദീകരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more