| Friday, 30th July 2021, 11:05 am

തര്‍ക്കത്തിനൊടുവില്‍ സമവായം; അബ്ദുള്‍ വഹാബുമായി ചര്‍ച്ച നടത്തി അഹമ്മദ് ദേവര്‍കോവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലിനും പിളര്‍പ്പിനും പിന്നാലെ ഐ.എന്‍.എല്ലില്‍ ഒത്തുതീര്‍പ്പിന് ശ്രമം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി.

തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞു.

നാലുമണിക്ക് അബ്ദുള്‍ വഹാബുമായി സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തും.

അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണെന്നും നേരത്തെ അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.

ജൂലൈ 25 ഞായറാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിനിടെയുണ്ടായ തല്ലിന് പിന്നാലെയാണ് ഐ.എന്‍.എല്‍ പിളര്‍ന്നതായും ജനറല്‍ സെക്രട്ടറിയായ കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും അബ്ദുള്‍ വഹാബ് വിഭാഗം അറിയിച്ചത്.

കാസിം ഇരിക്കൂറിന് പകരം നാസര്‍കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അബ്ദുള്‍ വഹാബ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും പറഞ്ഞിരുന്നു.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ബി. ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തതായി കാസീം പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കാണെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു.

എന്നാല്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുക മാത്രമാണ് പാര്‍ട്ടി ചെയ്തതെന്നാണ് അബ്ദുള്‍ വഹാബ് പറഞ്ഞത്.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സി.പി.ഐ.എമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഐ.എന്‍.എല്ലിലെ തര്‍ക്കം പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായാണ് ഇടതുമുന്നണി ഇതുവരെ കണ്ടിരുന്നത്. ഇടതുമുന്നണിയില്‍ ആരാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. മുന്നണിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മുന്നണി നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായി. ഇനി ഒപ്പമുണ്ടാകേണ്ടത് ആരാണ് എന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണ് എന്നും അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.

സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് വിഭാഗവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അടങ്ങുന്ന വിഭാഗവും തമ്മിലാണ് തര്‍ക്കമുണ്ടായത്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. പിന്നാലെയാണ് ഭിന്നതകള്‍ പിളര്‍പ്പിലേക്കെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minister Ahammed Devarkovil met AP Abdul Wahab in INL

Latest Stories

We use cookies to give you the best possible experience. Learn more