കോഴിക്കോട്: പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ. സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എഫ്.ഐയുടെ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ടെറര്‍ ഫണ്ടിങ്ങാണ് ആ സംഘടന നടത്തുന്നത്. ഐ.എന്‍.എല്ലിന്റെ തലവന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റേയും തലവന്‍. അതിനാല്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിരോധിച്ച സംഘടനയുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ പ്രതിനിധി ഇടുതുപക്ഷ മുന്നണിയിലുള്ളത് രാജ്യ താല്‍പര്യത്തിന് എതിരാണ്. എങ്ങോട്ടാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഇന്ന് രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.