| Monday, 28th November 2022, 11:28 am

ക്ഷമയുടെ നെല്ലിപ്പടി കണ്ടു, ക്രിമിനല്‍ സ്വഭാവത്തിലേക്കും മതസ്പര്‍ധയിലേക്കും സമരം മാറി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുടെ ഏഴില്‍ അഞ്ച് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയ പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട രൂപതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഏഴ് ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് അവര്‍ സമരം ആരംഭിച്ചത്. ഉന്നയിക്കപ്പെടുന്ന എല്ലാ ആവശ്യങ്ങളും ആരും അംഗീകരിക്കാറില്ല. സമരസമിതി ഉന്നയിച്ച ഏഴില്‍ അഞ്ചും ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

ഓരോ പ്രാവശ്യവും പുതിയ പുതിയ ഡിമാന്‍ഡുകളാണ് സമരസമിതി ഉന്നയിക്കുന്നത്. ഗവണ്‍മെന്റ് എന്ന നിലക്ക് ആരെയും പ്രയാസപ്പെടുത്തരുത് എന്ന രീതിയില്‍ ക്ഷമയുടെ നെല്ലിപ്പടി കടന്ന അവസ്ഥയില്‍ വരെ സര്‍ക്കാര്‍ നിന്നുകൊടുത്തിട്ടുണ്ട്.

സമരം ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറി. മതസ്പര്‍ധ വളര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ കയ്യേറ്റം നടത്തുക, പൊലീസുകാരെ അക്രമിക്കുക. മറ്റ് മതക്കാരുടെ വീടുകള്‍ അക്രമിക്കുക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. വളരെ അപകടകരമായ സ്ഥിതിവിശേഷം അവിടെ ഉണ്ടായി. ഒരുകാരണവശാലും ഒരുതരത്തിലുള്ള മത വര്‍ഗീയതയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല. അത് കേരളത്തിന്റെ പൊതു സ്വഭാവമാണ്.

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഗുണകരമാകുന്ന ഇത്രയും വലിയ പ്രൊജക്ട് നിര്‍ത്തിവെക്കണം, അതും കോടാനുകോടി രൂപ ചെലവഴിച്ചതിന് ശേഷം നിര്‍ത്തിവെക്കണമെന്ന് ആര് പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ല.

ജുഡീഷ്യറിയില്‍ വിശ്വസിക്കുന്നവരാണ് രൂപതയെങ്കില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ അവര്‍ പാലിക്കണമായിരുന്നു. പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്നും, ലോറികള്‍ തടയില്ലെന്നും കോടതിയില്‍ കൊടുത്ത ഉറപ്പാണ് അവര്‍ ലംഘിച്ചത്,’ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത തിരക്കഥയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളാണ് പ്രവര്‍ത്തിച്ചത്. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. നിരന്തര പ്രകോപനം ഉണ്ടായതോടെയാണ് വികാരപരമായി പ്രതികരിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും, ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക, കൃത്യവിലോപത്തിന് തടസം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കുമെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു.

സംഘര്‍ഷത്തില്‍ കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റ എസ്.ഐ ലിജോ പി. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു. സംഘര്‍ഷത്തില്‍ എട്ട് സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

ശനിയാഴ്ച രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളില്‍ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു.

ഇതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നാല്‍, പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി വീണ്ടും ഏറ്റുമുട്ടി.

ലാത്തിച്ചാര്‍ജില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും സമരക്കാര്‍ ആക്രമിച്ചു. സംഘര്‍ഷം മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല.

കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിക്കുകയായിരുന്നു.

വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ആരംഭിച്ച് 130 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.

Content Highlight: Minister Ahammad Devarkovil on Vizhinjam Clash against Latin Archdiocese

We use cookies to give you the best possible experience. Learn more