ദുരന്ത മുഖത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മന്ത്രി എ. കെ. ശശീന്ദ്രൻ
keralanews
ദുരന്ത മുഖത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മന്ത്രി എ. കെ. ശശീന്ദ്രൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2024, 11:24 am

കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തഭൂമിയിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരാധീനനായത്.

ഇത്തരമൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും വല്ലാത്തൊരു അനുഭവമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ജനങ്ങൾക്ക് താൻ എന്ത് ഉത്തരം നൽകുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം ദുരന്തബാധിതരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

‘ഇത്തരമൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ കരുതിയിരുന്നില്ല. ഇരകളായ ജനങ്ങളോട് ഞാൻ എന്ത് ഉത്തരം പറയും. അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ. നമുക്ക് ഓരോരുത്തർക്കും ഇത്രയധികം ദുഃഖമുണ്ടാക്കുന്ന ഈ സംഭവം ദുരന്തബാധിതരെ എത്രമാത്രം ബാധിച്ചിരിക്കുമെന്ന് ആലോചിക്കാനാവുന്നില്ല.

അവരെ സഹായിക്കാനും അവർക്ക് കൈത്താങ്ങാവാനും മാത്രമേ നിലവിൽ നമുക്കോരോരുത്തർക്കും സാധിക്കുകയുള്ളു.
അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്നതാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അവർ നമ്മുടെയും സഹോദരങ്ങളാണ്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള എല്ലാ പ്രവർത്തങ്ങളും നാം ചെയ്യുമെന്ന പ്രതിജ്ഞ ഓരോരുത്തരും എടുക്കണം ,’ അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ദുരന്തമുഖത്ത് ആദ്യ ദിനം മുതൽ ഉണ്ടായിരുന്ന അദ്ദേഹം ദുരന്തനിവാരണത്തിനായി നിർമിച്ച മന്ത്രിസഭാ ഉപസമിതിയിലെ അംഗവുമാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രണ്ടാം ഘട്ട ജനകീയ തിരച്ചിൽ നടക്കുകയാണിപ്പോൾ.

400ലധികം പേരുടെ മരണത്തിന് കാരണമായ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 2018 മുതല്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകളുണ്ടാകുന്ന പ്രദേശത്താണ് ഈ ദുരന്തവും സംഭവിച്ചതെന്നും പ്രദേശത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുന്നുണ്ട്.

ജൂലൈ 30ന് പുലർച്ചെ ഒരുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. രണ്ടരയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടാവുകയായിരുന്നു. തുടർന്ന് മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത നാശനഷ്ടമുണ്ടാവുകയും നിരവധിപേർ മരണപ്പെടുകയും ചെയ്തു. 130 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

 

Content Highlight: Minister A. K. Sashindran cried in front of media while talking about mundakkai tragedy