| Tuesday, 6th October 2020, 10:04 am

കൊവിഡ് പോസിറ്റീവായ ഡി.എം.ഒയുമായി സമ്പര്‍ക്കം; മന്ത്രി എ.കെ ശശീന്ദ്രന്‍ ക്വാറന്റീനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.

ഒക്ടോബര്‍ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ കോഴിക്കോട് ഡി.എം.ഒയും പങ്കെടുത്തിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡി.എം.ഒയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയും സ്വയം നിരീക്ഷണത്തില്‍ പോയത്.

കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നതാണ്.

അതേസമയം കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശങ്ക വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി ജില്ലയില്‍ 641 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല.

അതേസമയം സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് 9829 പേരാണ് ചികിത്സയിലുള്ളത്. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Minister A.K Saseendran Went On Quarantine

We use cookies to give you the best possible experience. Learn more