| Wednesday, 21st July 2021, 11:07 am

മുഖ്യമന്ത്രി വിളിപ്പിച്ചതല്ല, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു: എ.കെ. ശശീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അവ ബോധ്യപ്പെട്ടോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചതല്ലെന്നും മറ്റു ചില വിഷയങ്ങളുമായി കൂടി ബന്ധപ്പെട്ട് താനാണ് അദ്ദേഹത്തെ കാണാനായി പോയതെന്നും ശശീന്ദ്രന്‍ പറഞ്ഞു. അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞതില്‍ കൂടുതലായൊന്നും ഈ വിഷയത്തില്‍ പറയാനില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി, കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളാണ്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനോട് പറയുന്നത്. അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുമ്പോള്‍ എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍.സി.പി. പ്രവര്‍ത്തകന്‍ രാജീവിനും എതിരെ ചൊവ്വാഴ്ചയാണ് പൊലീസ് കേസ് എടുത്തത്.

ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ശശീന്ദ്രന്‍ എത്തിയിരുന്നു.
‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എ.കെ. ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ കഴിയു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍.സി.പി. നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച് അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മീഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  Minister A K Saseendran about meeting with CM Pinarayi Vijayan in intervening in molestation case

We use cookies to give you the best possible experience. Learn more