| Sunday, 27th October 2019, 6:54 pm

വാളയാര്‍ കേസ്: തെളിവ് ലഭിച്ചാല്‍ പുനരന്വേഷണമെന്ന് മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ തെളിവ് ലഭിച്ചാല്‍ പുനരന്വേഷണമുണ്ടാവുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. തെളിവ് ലഭിച്ചാല്‍ പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.

കൂടാതെ കേസിലെ പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ച ഡി.ഐ.ജി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രേസിക്യൂഷന്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട് ഫേസ്ബുക്കില്‍ പറയുകയായിരുന്നു.

പ്രോസിക്യൂട്ടര്‍ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കില്‍ ആദ്യം നല്ലൊരു വക്കീല്‍ ആകണം. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിനോദ് പറയുന്നു.

അതേസമയം, വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിയ്ക്ക് എതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

We use cookies to give you the best possible experience. Learn more