| Saturday, 30th November 2019, 6:44 pm

'ആരെയും ഭയപ്പെടേണ്ട ഗതികേടില്ല, ഒരു ഒളിച്ചുകളിയുമില്ല'; ബിന്ദു അമ്മിണിക്കെതിരെ മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പറഞ്ഞ കാര്യങ്ങളില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. താന്‍ ഓഫീസില്‍ വന്നിട്ടില്ലെന്നു മന്ത്രി പറയുന്നതു ഭയം കൊണ്ടാണെന്ന ബിന്ദുവിന്റെ പ്രസ്താവനയിലാണു മന്ത്രി ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയത്.

തെറ്റായ കാര്യങ്ങളാണ് ബിന്ദു അമ്മിണി നടത്തിയിട്ടുള്ളതെന്നും അവര്‍ വന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നുമാണു മന്ത്രിയുടെ വിശദീകരണം.

താനോ തന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആരെയും ഭയപ്പെടേണ്ട ഗതികേട് തന്റെ ഓഫീസിനില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി എ.കെ ബാലന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം:

‘ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നു നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണു വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ പരാതിയുമായാണ് ഇവര്‍ എന്റെ ഓഫീസിലെത്തിയതെന്നു പറഞ്ഞിരുന്നു. രണ്ടു പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസില്‍ നിന്നും നേരത്തേ പറഞ്ഞിരുന്നു.

പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പുതന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്കു നടപടി ഉണ്ടാകും.

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല.’

We use cookies to give you the best possible experience. Learn more