ബ്രസീലിയ: ബ്രസീലിലെ മിനാസ് ജെറിസില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം. തെക്കുകിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിന്‍ഹോ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ദുരന്തത്തിന് പിന്നാലെ പ്രദേശത്ത് നിന്നും ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 200ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ അണക്കെട്ട് തകര്‍ന്നത്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. തകര്‍ന്ന അണക്കെല്‍നിന്ന് പുറത്തേക്കൊഴുകിയ വെള്ളം ബ്രുമാഡിന്‍ഹോ നഗരത്തെ പൂര്‍ണമായും തുടച്ചുനീക്കി.
മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാണാതായവര്‍ക്കുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും രാത്രി വൈകിയും തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു. 17 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ആറ് ഹെലികോപ്റ്ററുകളും അമ്പതോളം അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. വീടുകള്‍ നഷ്ടപ്പെട്ട ആയിരത്തോളം ആളുകളെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരിയാനോയില്‍ അണക്കെട്ട് തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസീല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരുന്നു അത്. മാരിയാനോയില്‍ തകര്‍ന്ന അണക്കെട്ടിന്റെ ഉടമസ്ഥരില്‍ ഒരാള്‍ക്ക് തന്നെയാണ് ബ്രുമാഡിന്‍ഹോ അണക്കെട്ടിന്റേയും ഉടമസ്ഥാവകാശം.
അപകടം “മനുഷ്യ ദുരന്ത”മെന്ന് വെയ്ല്‍ സി.ഇ.ഒ ഫാബിയോ ഷ്വാര്‍ട്സ്മാന്‍ പറഞ്ഞു. അപകടം ബാധിച്ച ഭൂരിപക്ഷം പ്രദേശവും തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടമാണ്. അണക്കെട്ട് തകരുമ്പോള്‍ ഏകദേശം 300 തൊഴിലാളികള്‍ പ്രദേശത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി അണക്കെട്ട് പ്രവര്‍ത്തനരഹിതമായിരുന്നു എന്നും മൈനിങ് മാലിന്യങ്ങള്‍ സ്വീകരിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ കാണാതായവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ വ്യക്തമാക്കി.