ഖനി മുതലാളി ജനാര്‍ദ്ദന റെഡ്ഢി അറസ്റ്റില്‍
national news
ഖനി മുതലാളി ജനാര്‍ദ്ദന റെഡ്ഢി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th November 2018, 3:17 pm

ബെംഗളൂരു: ബെല്ലാരി ഖനി മുതലാളിയും മുന്‍ ബി.ജെ.പി മന്ത്രിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഢി ബെംഗളൂരുവില്‍ അറസ്റ്റില്‍. നിക്ഷേപത്തട്ടിപ്പ് കേസില്‍ നിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാന്‍ ഉടമയില്‍ നിന്ന് 21 കോടി രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന റെഡ്ഢി ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. റെഡ്ഢിയുടെ സെക്രട്ടറി അലിഖാനും അറസ്റ്റിലായിട്ടുണ്ട്.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്യമായ തെളിവ് ലഭിച്ചതിന് ശേഷമാണ് അറസ്‌റ്റെന്ന് ബെംഗളൂരു പൊലീസ് അഡീഷണണല്‍ കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ശനിയാഴ്ച നാലു മണി മുതല്‍ റെഡ്ഢിയെ പുലര്‍ച്ചെ 2.30വരെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇന്ന് അറസ്റ്റ് ചെയ്യുന്നത് വരെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വര്‍ണം വാങ്ങിയെന്ന് ആംബിഡന്റ് ഉടമയായ സയ്യിദ് അഹമ്മദ് ഫരീദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന റെഡ്ഡി മൂന്നുവര്‍ഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി റെഡ്ഢിക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും സഹോദരന്മാരായ കരുണാകര റെഡ്ഢിക്കും സോമശേഖര റെഡ്ഢിക്കും സഹായി ശ്രീരാമലൂവിന് വേണ്ടിയും സീറ്റ് വാങ്ങിക്കൊടുക്കാനും പ്രചരണത്തിനിറങ്ങാനും ജനാര്‍ദ്ദന റെഡ്ഢിക്ക് സാധിച്ചിരുന്നു.