| Friday, 23rd March 2018, 7:16 pm

ഉടുമ്പിറങ്ങി മലയിലെ ഖനനം; സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?    

ജാസില ലുലു

നാദാപുരം: വിലങ്ങാട് ഗ്രാമത്തിലെ ഉടുമ്പിറങ്ങി മലയില്‍ 2013 മുതല്‍ തുടരുന്ന ജനകീയ സമരത്തെ തുടര്‍ന്ന് ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരം സി.പി.ഐ.എം പ്രാദേശിക കമ്മിറ്റി കൂടി ഏറ്റെടുത്തതോടെയാണ് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ഖനനവും അനുബന്ധ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.

2013 ലെ കേരളസര്‍ക്കാരാണ് ഉടിമ്പിറങ്ങി മലയിലെ 158/11 സര്‍വേ നമ്പറിലുള്ള 62 ഏക്കര്‍ സ്ഥലത്ത് ഖനനത്തിന് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടലിന് സാധ്യതയേറിയ പ്രദേശമാണെന്നത് കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ ഇവിടെ ഖനന വിരുദ്ധ സമരം ആരംഭിക്കുന്നത്.
ഖനനം നടക്കുന്നതിന് 300 മീറ്റര്‍ മാത്രം അകലത്തിലുള്ള അടിച്ചിപ്പാറയില്‍ കല്ലുരുളലുകളുണ്ടാകാറുണ്ടെന്നതും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോ കടപ്പാട് : ഹരി പി.ജി

സുരക്ഷക്കായി വര്‍ഷക്കാലത്ത് കളക്ടറുടെ ഉത്തരവു പ്രകാരം ഈ പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു എന്നും അവര്‍ പറയുന്നു. ഉടുമ്പിറങ്ങി മലയിലെ ഉരുള്‍പ്പൊട്ടലില്‍ വെള്ളം ഒഴുകിപ്പോകുന്ന ഉടുമ്പിറങ്ങിത്തോടും ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണിട്ടുനികത്തിയിട്ടുണ്ടെന്നതുംപ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 156ഓളം കുടുംബങ്ങളാണ് മലയടിവാരത്ത് താമസിക്കുന്നത്.

2013ല്‍ ഖനനമാരംഭിച്ചത് പഞ്ചായത്തിന്റെയോ ജിയോളജി വകുപ്പിന്റെയോ അനുമതിയോടയല്ല. ഖനനത്തിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഡി.വൈ.എഫ്.ഐയുടെ ഉപരോധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണ അനുമതി നേടുന്നതിനു മുന്‍പുതന്നെ ഖനന അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഡി.വൈ.എഫ്.ഐ സമരത്തിനിറങ്ങുകയായിരുന്നു. ഖനനത്തിനെതിരായി നടന്ന ആദ്യ മാര്‍ച്ചില്‍ ടി.വി രാജേഷ് എം.എല്‍.എയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ചയടക്കമുള്ള യുവജനപ്രസ്ഥാനങ്ങള്‍ സമരത്തില്‍ പങ്കുചേരുകയുമുണ്ടായി.

ഖനന വിരുദ്ധ സമരക്കാര്‍ പ്രദേശത്ത് പ്രചരണജാഥയും കാംപെയിനുകളും സംഘടിപ്പിച്ചിരുന്നു. സമരം ശക്തമായതോടെ പ്രദേശത്ത് ചെറിയ സംഘര്‍ഷങ്ങളുമുണ്ടായി. സമരക്കാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കളക്ടര്‍ ഖനനം നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുന്‍പ് സബ്കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉടുമ്പിറങ്ങി മല “പരിസ്ഥിതി ലോല പ്രദേശ”മായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഫോട്ടോ കടപ്പാട് : ഹരി പി.ജി

“നൂറേക്കറിനടുത്തു വരുന്ന പ്രദേശത്താണ് ഖനനവുമായി ബന്ധപ്പെട്ട റോഡ്-കെട്ടിട നിര്‍മാണങ്ങള്‍ ആരംഭിച്ചതെങ്കിലും വന്‍കിട ഖനനത്തിന് അനുമതി ലഭിക്കില്ലെന്ന സാഹചര്യത്തില്‍ 12 ഏക്കര്‍ സ്ഥലത്തേക്കുള്ള ലൈസന്‍സിനായാണവര്‍ അപേക്ഷിച്ചത്. വിവിധ ഘട്ടങ്ങളിലായി പല ആളുകളുടെയും പേരിലാണ് അവര്‍ സ്ഥലങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്”, ഡി.വൈ.എഫ്.ഐ നേതാവ് ബിജിത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“പ്രദേശത്തെ ചെറിയ അരുവികളും തോടുകളും റോഡ് നിര്‍മിക്കാനും മറ്റുമായി മണ്ണിട്ടു മൂടിയിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ ഒഴുക്കുവെള്ളം തടകെട്ടി നിറുത്തിയിട്ടുണ്ടെന്നും മണ്ണെടുപ്പ് തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ മഴവെള്ളപ്പാച്ചിലില്‍ വളരെയധികം പാമ്പുകളും ഒഴുകിവന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതിനുപിന്നാലെ അവിടുത്തെ തോടിനു കുറുകെ അനുമതിയില്ലാതെ പണിയുന്ന പാലം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ക്കുകയും നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച പലകകളും മറ്റും തീവെക്കുകയും ചെയ്തു.

എന്നാല്‍ ഖനനത്തിന് സി.ഐ.ടി.യു അനുകൂലനിലപാടെടുത്തിരുന്നു എന്നും ഖനന വിരുദ്ധ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സി.പി.ഐ.എം നേതൃത്വം ഡി.വൈ.എഫ്.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ അഭ്യുഹങ്ങളെ അസ്ഥാനത്താക്കിയാണ് ഘനനത്തെ എതിര്‍ത്ത് സി.പി.ഐ.എം പ്രാദേശിക കമ്മിറ്റിയുടെ ഖനനമേഖലാ സന്ദര്‍ശനം.

“ഒരു സംഘടനയും ഖനനത്തെ അനുകൂലിച്ചിട്ടില്ല. ഉടുമ്പിറങ്ങി മലയുടെ പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്ന ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍ സി.ഐ.ടി.യു ഇടപെട്ടിരുന്നു. ഉടുമ്പിറങ്ങിയിലെ ഖനനം സി.ഐ.ടി.യു അനുകൂലിച്ചിട്ടില്ല”, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ് കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“ഉടുമ്പിറങ്ങി മലയിലെ ഖനനത്തോടുള്ള സി.പി.ഐ.എം നയം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ് ഉടുമ്പിറങ്ങിയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല എന്നത്”, അദ്ദേഹം പറഞ്ഞു. സമരവുമായി മുന്നോട്ടി പോകാന്‍ തന്നെയാണ് എല്ലാ ഘട്ടത്തിലും സി.പി.ഐ.എം നിര്‍ദേശിച്ചിരുന്നതെന്നും സമരത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജിത്ത് പ്രതികരിച്ചു.

ഉരുള്‍പ്പൊട്ടലിന് ഏറെ സാധ്യതയുള്ള ഉടുമ്പിറങ്ങി മലയില്‍ ഒരു കാരണവശാലും ഖനനം അനുവദിക്കരുതെന്ന് സമരത്തില്‍ പങ്കാളിയായ ഹരി പി.ജി പറയുന്നു. “സമരത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും “അനതികൃത” ഖനനത്തിനെതിരെ എന്ന മുദ്രാവാക്യമാണ് ഉപയോഗിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ ഉടുമ്പിറങ്ങിയില്‍ ഖനനം അനുവദിക്കരുതെന്ന മുദ്രാവാക്യമാണ് ഉയര്‍ത്തേണ്ടത്.

വടയമ്പാടിയില്‍ സി.പി.ഐ.എം “വ്യാജ പട്ടയം റദ്ദുചെയ്യാന്‍” ആവശ്യപ്പെടുന്നതിനു പകരം “പൊതുസ്ഥലം വിട്ടുകൊടുക്കണം” എന്നാവശ്യപ്പെട്ടതു പോലൊരു രാഷ്ട്രീയ ഗിമ്മിക്കാണ് ഇതും”, ഡൂള്‍ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു. ഖനനം താല്‍കാലികമായി നിറുത്തിവെക്കുകയല്ല, പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാസില ലുലു

We use cookies to give you the best possible experience. Learn more