| Friday, 9th December 2022, 9:21 pm

വിവാഹമോചനത്തിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പരസ്പര ധാരണയില്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.

ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.

‘വിവാഹ തര്‍ക്കങ്ങളില്‍ കോടതിയുടെ സഹായത്തോടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ നിയമം കക്ഷികളെ സഹായിക്കണം. പരിഹാരമില്ലാത്ത സാഹചര്യങ്ങളില്‍ കക്ഷികള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ നിയമം കോടതിയെ അനുവധിക്കേണ്ടതുണ്ട്. വിവാഹ മോചനം നേടാനുള്ള നടപടിക്രമങ്ങള്‍ കക്ഷികളില്‍ വീണ്ടും വിദ്വേഷം വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ക്ക് ഇടയാക്കരുത്,’ കോടതി പറഞ്ഞു.

പ്രസ്തുത വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹരജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്.

അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹരജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം സ്വദേശയായ യുവാവും, എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Minimum period of separation of one year under Section 10A of the Divorce Act, 1869 as being violative of Fundamental Rights: Kerala High Court

We use cookies to give you the best possible experience. Learn more