|

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം; സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്കെന്ന് റിപ്പോര്‍ട്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ ജൂണ്‍ മാസം മുതല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഓള്‍ കേരള ബസ് ഓപ്പറൈറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

വിദ്യാര്‍ത്ഥികളുടെ യാത്രാപാസ് നിരക്ക് വര്‍ധിപ്പിക്കുകയും മിനിമം നിരക്ക് അഞ്ച് രൂപയുമാക്കിയില്ലെങ്കില്‍ ജൂണ്‍ മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.

ബസില്‍ കയറുന്ന യാത്രക്കാരില്‍ മഹാഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണെന്നും നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഗവണ്‍മെന്റ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.

13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ഒരുരൂപയാണെന്നും ഇതുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അഞ്ച് രൂപയാക്കി ഉയര്‍ത്തണമെന്നും ബസ് ഉടമകള്‍ പറയുന്നു.

കൊവിഡിന് ശേഷം ബസ് യാത്രക്കാരില്‍ വലിയ തോതിലുള്ള കുറവ് വന്നിരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളാണ് നിലവില്‍ ബസുകളില്‍ യാത്ര ചെയ്യുന്നവരില്‍ കൂടുതലെന്നും നേരത്തെ സ്ത്രീകളുണ്ടായിരുന്നുവെന്നും ബസ് ഉടമകള്‍ പറയുന്നു.

വിഷയം സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണയാത്ര നടത്തുമെന്നും സര്‍ക്കാരിന് നോട്ടീസ് കൊടുത്തുവെന്നും മെയ് മാസം മുതല്‍ സമരമാരംഭിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.

Content Highlight: Minimum fare for students should be increased; Private bus owners in the state to go on strike