| Thursday, 16th December 2021, 10:05 am

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21; നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്നാണ് സൂചന.

2020 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹപ്രായം ഉയര്‍ത്തല്‍.

”പെണ്‍മക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ശ്രദ്ധാലുവാണ്. രാജ്യത്തെ 6,000 ജനൗഷധി കേന്ദ്രങ്ങളിലൂടെ 5 കോടി സ്ത്രീകള്‍ക്ക് 1 രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. കൂടാതെ, പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം ഉയര്‍ത്തുന്നതും പരിഗണനയിലാണ്. ഇതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ച് കഴിഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കും,” എന്നാണ് പ്രധാനമന്ത്രി മോദി അന്ന് പറഞ്ഞത്.

വിവാഹ പ്രായം ഉയര്‍ത്തുന്നതിനായി 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും.

സ്പെഷ്യല്‍ മാരേജ് ആക്ടിലും 1955ലെ ഹിന്ദുവിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് തീരുമാനം എന്നാണ് വിവരം.

1955 ലെ ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ 5(മൂന്ന്) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസുമാണ്.

കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്സ് 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിവാഹ പ്രായം ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാന്‍ അനുമതി നല്‍കിയത്. ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് ആണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

‘1978 ലാണ് 1929ലെ ശാരദാ നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായം 15 വയസ്സില്‍ നിന്ന് 18 വയസാക്കി ഉയര്‍ത്തിയത്. ശാരദാ നിയമത്തിന് പകരം ബാല വിവാഹ നിരോധന നിയം 2006ല്‍ കൊണ്ടുവന്നെങ്കിലും പ്രായ പരിധി മാറ്റിയിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Minimum Age For Marriage Of Women From 18 To 21: Cabinet Clears Proposal

We use cookies to give you the best possible experience. Learn more