Music
സ്‌ക്വിഡ് ഗെയിമിലൂടെ പോപ്പുലാരിറ്റി നേടുന്ന മിംഗിള്‍ സോങ്
വി. ജസ്‌ന
2025 Jan 15, 08:03 am
Wednesday, 15th January 2025, 1:33 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന 456 മത്സരാര്‍ത്ഥികള്‍ 45.6 ബില്യണ്‍ നേടാനായി കുട്ടികളുടെ ഗെയിം കളിക്കുന്നു, ഇതാണ് സ്‌ക്വിഡ് ഗെയിം എന്ന ഹിറ്റ് കൊറിയന്‍ സീരീസിന്റെ കഥ. 2021ല്‍ നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായിരുന്നു ഇത്.

ഏറെ കാത്തിരിപ്പിന് ശേഷം 2024 ഡിസംബറില്‍ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗവും എത്തി. എന്നാല്‍ ആദ്യ സീസണ്‍ പോലെ രണ്ടാമത്തെ സീസണ്‍ അത്ര വലിയ അഭിപ്രായമല്ല നേടിയത്. ഈ സീസണ്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പറയുന്നവര്‍ ധാരാളമുണ്ട്. എങ്കിലും മിക്കവരുടെയും ചുണ്ടില്‍ തങ്ങി നില്‍ക്കുന്ന ഒരു പാട്ട് ഇത്തവണ സ്‌ക്വിഡ് ഗെയിമില്‍ ഉണ്ടായിരുന്നു.

സാധാരണ നമ്മള്‍ കളിക്കാറുള്ള മ്യൂസിക്കല്‍ ചെയറിനോട് സാമ്യം തോന്നുന്ന ഒരു ഗെയിമായിരുന്നു മിംഗിള്‍. സീരീസിന്റെ ആറാമത്തെ എപ്പിസോഡിലായിരുന്നു ഈ ഗെയിം. സര്‍ക്കസ് കൂടാരെ പോലെ തോന്നിപ്പിക്കുന്ന ഒരു മുറിയിലേക്ക് മത്സരാര്‍ത്ഥികളെ കൊണ്ടുവരികയും അവിടെ കറങ്ങുന്ന ഒരു പ്ലാറ്റ്ഫോമിലേക്ക് അവരെ നിര്‍ത്തുകയുമാണ് ചെയ്തത്.

ശേഷം ഒരു പാട്ട് പ്ലേ ചെയ്യുന്നു. കുട്ടികളുടെ ഗെയിമായത് കൊണ്ട് തന്നെ നഴ്സറി റൈമാണ് അവിടെ പ്ലേ ചെയ്തത്. ഈ പാട്ട് നിര്‍ത്തുമ്പോള്‍ ഒരു നമ്പര്‍ അനൗണ്‍സ് ചെയ്യും, പറഞ്ഞ നമ്പര്‍ എത്രയാണോ അത്രയും ആളുകള്‍ ടീമായി ചുറ്റുമുള്ള മുറിയിലേക്ക് ഓടി കയറണം.

ഓരോ മുറിയിലും ആ പറഞ്ഞ നമ്പറില്‍ കൂടുതല്‍ ആളുകളോ അതില്‍ കുറവ് ആളുകളോ ആണെങ്കില്‍ അവര്‍ ഗെയിമില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടും. മുറിയില്‍ കയറാന്‍ സാധിക്കാതെ പോയവരും എലിമിനേറ്റാകും. 150ല്‍ അധികം ആളുകള്‍ എലിമിനേറ്റ് ചെയ്യപ്പെട്ട, അല്ലെങ്കില്‍ കൊല്ലപ്പെട്ട ഗെയിമായിരുന്നു അത്.

ആ ഗെയിമിന്റെ ടെന്‍ഷന്‍ നിലനിര്‍ത്താന്‍ ഈ നഴ്സറി സോങ്ങിന് സാധിച്ചിരുന്നു. മാത്രമല്ല, സീരീസ് കണ്ട ശേഷം മിക്കവരുടെ ചുണ്ടില്‍ ഈ പാട്ടിന്റെ വരികളാണ് തങ്ങി നില്‍ക്കുന്നത്. ശേഷം റീല്‍സുകളായും റിംങ് ടോണുകളായും അത് വൈറലായി.

സ്‌ക്വിഡ് ഗെയിമിലൂടെ ഇത്രയധികം വൈറലായ ആ ഗാനം ഏതാണ്?

ഇത്രയധികം വൈറലായ ആ ഗാനം ഏതാണ് എന്നാണ് മിക്കവരും ഇപ്പോള്‍ അന്വേഷിക്കുന്നത്. കൊറിയയില്‍ ഏറ്റവും പോപ്പുലറായ നഴ്സറി സോങ്ങാണ് ഇത്. ജിയോങ് ഗ്യൂന്‍ വരികള്‍ എഴുതി ലീ സൂ-ഇന്‍ ഈണം നല്‍കിയ പാട്ടാണ് ‘റൗണ്ട് ആന്‍ഡ് റൗണ്ട്’ എന്നറിയപ്പെട്ടിരുന്ന ഈ പാട്ട്.

കുട്ടികള്‍ക്കായുള്ള ഷോകളും പുസ്തകങ്ങളും എഴുതിയിട്ടുള്ള ടി.വി റൈറ്ററായിരുന്നു ജിയോങ് ഗ്യൂന്‍. കുട്ടികള്‍ക്കായുള്ള ക്ലാസിക്കല്‍ മ്യൂസിക് പഠിച്ചിട്ടുള്ള ഒരു ഒരു ഗാനരചയിതാവായിരുന്നു ലീ സൂ-ഇന്‍.

വര്‍ഷങ്ങളായി കൊറിയയിലെ കുട്ടികള്‍ കേട്ടിരുന്ന പാട്ടായിരുന്നു ‘റൗണ്ട് ആന്‍ഡ് റൗണ്ട്’. സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ പുറത്ത് വന്നപ്പോള്‍ ഈ ഗാനം ലോകത്താകമാനമായി വലിയ പോപ്പുലാരിറ്റി നേടുകയും മിംഗിള്‍ സോങ്ങ് എന്നറിയപ്പെടുകയും ചെയ്തു. മലയാളികള്‍ക്ക് ഇടയില്‍ പോലും ഇന്ന് ഈ പാട്ടിന് പോപ്പുലാരിറ്റിയുണ്ട് എന്നതാണ് സത്യം.

Content Highlight: Mingle, The Song That Popularized By Squid Game Season Two

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ