പുല്‍വാമ ആക്രമണം; റിയല്‍ കശ്മീരിനെതിരായ മത്സരം മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബും
I League
പുല്‍വാമ ആക്രമണം; റിയല്‍ കശ്മീരിനെതിരായ മത്സരം മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th February 2019, 6:30 pm

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐലീഗില്‍ റിയല്‍ കശ്മീരിനെതിരായ മത്സരം മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് മിനര്‍വ പഞ്ചാബ്. മിനര്‍വ ഫുട്‌ബോള്‍ അസോസിയേഷന്‍ മാനേജ്‌മെന്റ് എ.ഐ.എഫ്.എഫിനാണ് സംഭവുമായി ബന്ധപ്പെട്ട് കത്തയച്ചത്. തിങ്കളാഴ്ചയാണ് മത്സരം നടക്കേണ്ടിയിരുന്നത്.

മത്സരം മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ മിനര്‍വ മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന് ക്ലബ് പ്രസിഡന്റ് രഞ്ജിത് ബജാജ് അറിയിച്ചു. പിന്‍മാറിയാല്‍ മിനര്‍വയ്ക്ക് മൂന്ന് പോയന്റ് നഷ്ടമാകും.

ALSO READ: ഹൃദയം തൊടുന്ന ജൂണും കൂട്ടുകാരും ; ഫിലിം റിവ്യു

“”ശ്രീനഗറില്‍ സംഘര്‍ഷ സാധ്യതയുണ്ട്. സംഭവമുണ്ടായ സ്ഥലത്തിലൂടെയാണ് കളിക്കാര്‍ സ്‌റ്റേഡിയത്തിലേക്ക് പോകേണ്ടത്. നിലവില്‍ ആ വഴി പോകുന്നത് അപകടകരമാണ്””. -ബജാജ് വിശദീകരിച്ചു. സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും കളിക്കാന്‍ യാതൊരു കാരണവശാലും സാധിക്കില്ലെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു.

സംഭവുമായി ബന്ധപ്പെട്ട് എ.ഐ.എഫ്.എഫ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് പറഞ്ഞ ബജാജ് ടീമിനും താരങ്ങള്‍ക്കും സുരക്ഷാ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചാല്‍ മാത്രമേ കളിക്കുകയുള്ളുവെന്നും വിശദീകരിച്ചു.

സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ രണ്ട് സുരക്ഷാ വാഹനങ്ങളും 15 സുരക്ഷാ ഉദ്യോഗസ്ഥരേയും നിയോഗിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചിരുന്നു. പക്ഷെ മിനര്‍വ തൃപ്തരല്ല. മത്സരം മാറ്റിവെക്കുമെന്ന പ്രതീക്ഷയിലാണ് മിനര്‍വ പഞ്ചാബ്.

പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് ഐലീഗ് സി.ഇ.ഒ. സുനന്ദോ ദര്‍. നേരത്തെ കനത്ത മഞ്ഞുവീഴ്ച മൂലം റിയല്‍ കശ്മീര്‍ ഈസ്റ്റ് ബെംഗാള്‍ മത്സരം ഫെബ്രുവരി 28ലേക്ക് മാറ്റിയിരുന്നു. പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഈസ്റ്റ് ബെംഗാളും പുനര്‍ നിശ്ചയിച്ച മത്സരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എഫ്.എഫിനെ സമീപിച്ചിട്ടുണ്ട്.

മത്സരത്തില്‍ നിന്ന് പിന്‍മാറിയാല്‍ റിയല്‍ കശ്മീര്‍ ചെന്നൈ സിറ്റിയെ പിന്തള്ളി പോയന്റ് ടേബിളില്‍ ഒന്നാമതെത്തും. മിനര്‍വ നിലവില്‍ മൂന്നാമതാണ്.