ജല അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി അട്ടിമറിക്കാന്‍ നീക്കം; പിന്നില്‍ സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലെന്ന് ആക്ഷേപം
Governance and corruption
ജല അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി അട്ടിമറിക്കാന്‍ നീക്കം; പിന്നില്‍ സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലെന്ന് ആക്ഷേപം
ആര്യ. പി
Friday, 20th April 2018, 4:27 pm

തിരുവനന്തപുരം: പണി പൂര്‍ത്തിയായി രണ്ടുമാസത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ജല അതോറിറ്റിയുടെ കുപ്പിവെള്ളത്തിനെതിരെ അണിയറ നീക്കം. ഒട്ടേറെ സ്വകാര്യ കമ്പനികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജല അതോറിറ്റിയുടെ കുപ്പിവെള്ളം ആവശ്യമില്ലെന്നാണ് നിര്‍ദേശം.

ഒരുപാട് സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ വിപണിയിലുണ്ടെന്നും ജല അതോറിറ്റി കുപ്പിവെള്ള വിപണിയില്‍ ഇറങ്ങി സമയം നഷ്ടപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജല അതോറിറ്റി എം.ഡിക്കു കത്തയച്ചു.

16 കോടി രൂപ ചെലവിട്ട് പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ നിര്‍ദേശം. പരീക്ഷണപ്രവര്‍ത്തനം വിജയകരമായി നടത്തിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ വെള്ളം പുറത്തിറക്കാനായിരുന്നു പദ്ധതി.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെയും അനുമതി ലഭിച്ചാല്‍ കുപ്പിവെള്ളം പുറത്തിറക്കാം. പ്ലാന്റിന് ആറുകോടികൂടി ചെലവഴിച്ചതിന്റെ പുതുക്കിയ അടങ്കല്‍ തുകയ്ക്ക് ജല അതോറിറ്റി ഭരണാനുമതി തേടിയിരുന്നു. ഇതിന് അനുമതി നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കുപ്പിവെള്ളപദ്ധതി ആവശ്യമില്ലെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

കുടിവെള്ളവിതരണം, മലിനജല നിര്‍മാര്‍ജനം പോലുള്ള പദ്ധതികളില്‍ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കത്തിലുണ്ട്. സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കാന്‍, സര്‍ക്കാര്‍ പദ്ധതിക്കു സര്‍ക്കാര്‍ തന്നെ തുരങ്കം വയ്ക്കുന്നു എന്ന ആരോപണം ഇതോടെ ശക്തമായി.

അരുവിക്കര അണക്കെട്ടിനടുത്ത് ഒരേക്കര്‍ സ്ഥലത്താണ് 16 കോടി രൂപ ചെലവഴിച്ചുള്ള പ്ലാന്റിന്റെ പണി പൂര്‍ത്തിയായത്. രണ്ട് ശുദ്ധീകരണ യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണംകൂടി സ്ഥാപിക്കാനുള്ള സ്ഥലമുണ്ട്. ഒരു യന്ത്രത്തില്‍ മണിക്കൂറില്‍ ഒരു ലിറ്ററിന്റെ 3600 കുപ്പികള്‍ നിറയ്ക്കാം. 500 മില്ലീലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 20 ലിറ്റര്‍ കുപ്പികളിലാണ് വെള്ളം പുറത്തിറക്കുന്നത്. 24 മണിക്കൂറും പ്ലാന്റ് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചു വില്‍പനയ്ക്കായി ഏജന്‍സികളെ നിയോഗിക്കാതെ അതോറിറ്റി നേരിട്ടു വിപണിയിലെത്തിക്കാനായിരുന്നു പദ്ധതി. 2015 ഒക്ടോബറിലാണു പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016 ജനുവരിയില്‍ പ്ലാന്റ് നിര്‍മാണത്തിനു തുടക്കമിട്ടു. പരീക്ഷണ പ്രവര്‍ത്തനവും വിജയിച്ചു കുപ്പിവെള്ളം വിപണിയിലിറങ്ങാറായപ്പോഴാണു പുതിയ നീക്കം.

കുപ്പിവെള്ളത്തിന്റെ ബ്രാന്‍ഡ് നെയിമിനുള്ള ശ്രമവും നടന്നുവരികയായിരുന്നു. സ്വകാര്യ കുപ്പിവെള്ള ലോബിയുടെ സമ്മര്‍ദമാണു പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനു പിന്നിലെന്നു ജല അതോറിറ്റി ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

വില നിശ്ചയിച്ചിട്ടില്ലെങ്കിലും സ്വകാര്യ കമ്പനികളെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും അതോറിറ്റിയുടെ കുപ്പിവെള്ളം വിപണിയിലെത്തുകയെന്നായിരുന്നു സൂചന.

ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാനായിരുന്നു തീരുമാനം. അതോറിറ്റിയുടെ കുപ്പിവെള്ളം വിപണിയിലെത്തുന്നതോടെ സ്വകാര്യ കുപ്പിവെള്ളത്തിന്റെ വില കുറയുമെന്നും പ്രതീക്ഷിച്ചിരുന്നു.

അതേസമയം ദല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് കണ്ടില്ലെന്നും തിരിച്ചെത്തിയശേഷം ഉത്തരവ് പരിശോധിച്ച് പ്രതികരിക്കാമെന്നായിരുന്നു ജലഅതോറിറ്റി എം.ഡി. എ. ഷൈനമോളുടെ പ്രതികരണം.

“”എല്ലാ തപാലുകളും കാണാറില്ലാത്തതിനാല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഇങ്ങനെയൊരു കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇഷ്ടംപോലെ തപാലുകള്‍ വരാറുള്ളതിനാല്‍ പ്രധാന തപാലുകല്‍ മാത്രമേ നോക്കാറുള്ളൂ. പദ്ധതി പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുകയാണ്””- ഷൈനമോള്‍ പ്രതികരിച്ചു.

അതേസമയം അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്തിനെപ്പറ്റി അറിയില്ലെന്നും കുപ്പിവെള്ള പ്ലാന്റ് ഉപേക്ഷിക്കാനുള്ള നീക്കമില്ലെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. “”ഈ വര്‍ഷം തന്നെ തുറക്കും. ജപ്പാനില്‍ നിന്നുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള ലൈസന്‍സിനുള്ള നടപടികള്‍ ആരംഭിക്കാന്‍ എംഡിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട””- മാത്യു ടി. തോമസ് പറഞ്ഞു.

സര്‍ക്കാര്‍ നീക്കം അതോറിറ്റിയെ നശിപ്പിക്കുന്നതാണെന്നു കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.തമ്പാന്‍ പറഞ്ഞു. ഇതില്‍, സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലുകള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ശ്രദ്ധയിലേക്ക് ഇക്കാര്യം കൊണ്ടുവരുന്നതിനു യൂണിയന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ലിറ്ററിന് 20 രൂപയാണ് ഇപ്പോള്‍ വിപണിയില്‍ കുപ്പിവെള്ളത്തിന് വില. “കൂളിങ് ചാര്‍ജ്” പേരില്‍ രണ്ടുരൂപ അധികമായി വാങ്ങുന്ന കടകളുമുണ്ട്. ഈ സാഹചര്യത്തില്‍ 12 മുതല്‍ 15വരെ രൂപക്ക് ഒരുലിറ്റര്‍ കുപ്പിവെള്ളം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനായിരുന്നു ജല അതോറിറ്റി ആലോചിക്കുന്നത്.

നിലവില്‍ ബി.ഐ.എസിന്റെ അംഗീകാരത്തോടെ 146 സ്വകാര്യ കുപ്പിവെള്ളം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഈ കമ്പനികള്‍ക്കെല്ലാം കൂടി 500 കോടിയുടെ വിറ്റുവരവാണുള്ളത്.

ദിവസവും ഒരു കോടിയിലധികം രൂപയുടെ കുപ്പിവെള്ളമാണ് മലയാളി കുടിച്ചുതീര്‍ക്കുന്നത്. ഇത്ര വലിയ വിപണിയുണ്ടായിരിക്കെയാണ് ജല അതോറിറ്റിയുടെ കുപ്പിവെള്ളപദ്ധതിയ്ക്ക് തുരങ്കം വെക്കാനുള്ള നീക്കം നടക്കുന്നത്.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.