'മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ...'; റഹേല്‍ മകന്‍ കോര'യിലെ പ്രണയഗാനം
Film News
'മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ...'; റഹേല്‍ മകന്‍ കോര'യിലെ പ്രണയഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st October 2023, 5:21 pm

‘റാഹേല്‍ മകന്‍ കോര’യിലെ പ്രണയഗാനം പുറത്തിറങ്ങി. ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടുമുട്ടി പ്രണയത്തിലായ രണ്ടുപേരുടെ പ്രണയഭാവങ്ങളുമായാണ് ‘മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ…’ എന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് കൈലാസ് മേനോനാണ്. മൃദുല വാര്യരും അരവിന്ദ് നായരും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുകയാണിപ്പോള്‍.

സിംഗിള്‍ പാരന്റിങ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതല്‍ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനിയാണ്. സംവിധായകന്‍ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്റായി തുടങ്ങിയ അദ്ദേഹം ‘മെക്‌സിക്കന്‍ അപാരത’ മുതല്‍ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വരെയുള്ള സിനിമകളില്‍ ചീഫ് അസോസിയേറ്റായിരുന്നു. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘റാഹേല്‍ മകന്‍ കോര’.

‘സു സു സുധി വാത്മീകം’, ‘ഊഴം’, ‘സോളോ’, ‘ആട് 2′,’അബ്രഹാമിന്റെ സന്തതികള്‍’,’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്‍സന്‍ പോളാണ് സിനിമയില്‍ നായകവേഷത്തിലെത്തുന്നത്. ‘അബ്രഹാമിന്റെ സന്തതികളി’ല്‍ മമ്മൂട്ടിയുടെ സഹോദരനായ ഫിലിപ്പ് എബ്രഹാം എന്ന കഥാപാത്രമാണ് ആന്‍സണ്‍ പോളിനെ മലയാളികളുടെ പ്രിയങ്കരനായ നടനാക്കിയത്.

ഒട്ടേറെ സിനിമകളില്‍ ചേച്ചി, അമ്മ വേഷങ്ങളിലെത്തി മലയാളികളുടെ ഇഷ്ട അഭിനേത്രിയായ സ്മിനു സിജോയാണ് അമ്മ വേഷത്തില്‍ എത്തുന്നത്. ‘പൂമരം’, ‘ഹാപ്പി സര്‍ദാര്‍’ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക.

‘പ്രേമം’ മുതല്‍ ‘മധുര മനോഹര മോഹം’ വരെ എത്തി നില്‍ക്കുന്ന നടനും സംവിധായകനുമായ അല്‍ത്താഫ് സലിം, ‘റാഹേല്‍ മകന്‍ കോര’യില്‍ ഒരു മുഴുനീള കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

അച്ഛനില്ലാതെ വളരുന്നൊരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും ആറ്റിറ്റിയൂഡ് രണ്ട് രീതിയിലായിരിക്കുമെന്നൊരു കാര്യം രസകരമായി അവതരിപ്പിക്കുന്ന സിനിമയില്‍ ഇത്തരത്തിലുള്ള നായികയും നായകനുമായുള്ള ഈഗോ ക്ലാഷും മറ്റുമൊക്കെയാണ് പ്രധാന പ്രമേയം. നായകന്റെ അമ്മയാകട്ടെ ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളര്‍ത്തി വലുതാക്കിയ വ്യക്തിയാണ്. സിംഗിള്‍ പാരന്റിംഗിന്റെ പല തലങ്ങള്‍ കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സുഹൃത്തും വിദേശ മലയാളിയുമായ ഷാജി കെ ജോര്‍ജ്ജാണ് സിനിമയുടെ നിര്‍മാണ നിര്‍മഹണം.

എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റര്‍ അബൂ താഹിര്‍, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരി നാരായണന്‍, മനു മഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടര്‍ ജോമോന്‍ എടത്വ, ശ്രിജിത്ത് നന്ദന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷെബിന്‍ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുല്‍ മുരളി, വിപിന്‍ ദാസ്, ആര്‍ട്ട് വിനീഷ് കണ്ണന്‍, ഡി.ഐ വിസ്ത ഒബ്‌സ്യുക്യൂറ, സി.ജി ഐ, വി .എഫ്.എക്‌സ്, സ്റ്റില്‍സ് അജേഷ് ആവണി, ശ്രീജിത്ത്, പി.ആര്‍.ഒ. വാഴൂര്‍ ജോസ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിങ് സ്‌നേക്ക്പ്ലാന്റ്.

Content Highlight: Mindaathe Thammil Video Songfrom Rahel Makan Kora