കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന്, ലീഗ് നേതൃത്വം പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീല്‍. ലൈംഗീകാധിക്ഷേപത്തില്‍ നടപടിയെടുക്കാതെ ലീഗ് പിന്‍മാറിയതിനു കാരണം ചില ഇടപെടലുകളാണെന്നും ലീഗ് നേതൃത്വം എടുത്ത തീരുമാനം ഏകപക്ഷീയമാണെന്നും മിന ജലീല്‍ പറഞ്ഞു.
ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നല്‍കിയില്ല. വ്യക്തികളുടെ മനോഭാവത്തിനെതിരെയുള്ള ഈ പോരാട്ടത്തെ ഗ്രൂപ്പ് വല്‍ക്കരിക്കരുത്. വനിതാ കമ്മിഷനില്‍ പത്തുപേരില്‍ ഒരാളായി ഒപ്പു വച്ച നിലപാടില്‍ ഉറച്ച് നിന്ന് പ്രത്യക്ഷ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മിന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കാലത്തിനനുസരിച്ച ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് കരുതിയിരുന്ന സംവിധാനം മുന്നോട്ടല്ല പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍, തുടങ്ങി വച്ച ഞങ്ങളുടെ സന്ധിയില്ലാ കലഹത്തിന് തോളിലിരുന്ന സ്ഥാനവും മേലങ്കിയും ഒരു ഭാരമായി തോന്നുന്നെന്നും അവര്‍ പറഞ്ഞു.
രാത്രി 10 മണിക്ക് തുടങ്ങിയ യോഗത്തില്‍ ഹരിത ആവശ്യങ്ങള്‍ കൃത്യമായി മുന്നോട്ട് വയ്ക്കുകയും തുടക്കത്തില്‍ അവയെ അംഗീകരിക്കാം എന്ന് തീരുമാനിച്ച നേതൃത്വം ചില ഇടപെടലുകളുടെ അനന്തരഫലമെന്നോണം, ‘നിങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ’ എന്ന് തീരുമാനിച്ച് തികച്ചും ഏകപക്ഷീയമായതും ഹരിതയുടെ ആവശ്യങ്ങളെ ഒരു തരത്തിലും പരിഗണിക്കാത്തതുമായ ഒരു പ്രസ് റിലീസ് വായിച്ചു കേള്‍പ്പിക്കുകയും, ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നല്‍കാതെ യോഗം അവസാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
ഹരിത നിലവില്‍ വന്നിട്ട് പത്തുവര്‍ഷം തികയുന്നു. സംതൃപ്തിയോടെയും അഭിമാനത്തോടെയും പടിയിറങ്ങുകയാണ് അതിലേറെ ആര്‍ജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകള്‍ എന്നും മിന ഫേസ്ബുക്കില്‍ കുറിച്ചു.
മിന ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം.
പി.കെ. ഫിറോസ്, ടി.പി. അഷ്റഫ് അലി പ്രസിഡന്റ് സെക്രട്ടറി ആയിരുന്ന എം.എസ്.എഫ് കമ്മറ്റിയുടെ ഒരു വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉച്ചഭക്ഷണം വൈകി, അന്നേരം സദസ്സിലിരുന്ന പെണ്‍കുട്ടികളോട് ‘ ഭക്ഷണം എത്താന്‍ വൈകും, ആ സമയം കൊണ്ട് നിങ്ങള്‍ക്ക് എന്തങ്കിലും സംസാരിക്കാം ‘. എന്ന് പറഞ്ഞപ്പോള്‍ സദസ്സിലിരുന്ന ഒരു പെണ്‍കുട്ടി തിരിച്ചു ചോദിച്ചു ‘ ഭക്ഷണം വരാന്‍ താമസിച്ചില്ലായിരുന്നൂവെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കില്ലേ? ‘ അവിടെ നിന്നുമാണ് എം.എസ്.എഫില്‍ ‘പെണ്‍കുട്ടികള്‍ക്കൊരു ഇടം’ എന്ന ആശയം ഉദിക്കുന്നത്.
അതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ഹരിത ജനിക്കുന്നത്. അതുകൊണ്ട് ചോദ്യങ്ങള്‍ ഇനിയും ചോദിക്കും. ‘ അതിന് നിങ്ങളെ പിരിച്ചു വിട്ടില്ലേ?’ കാലത്തിനനുസരിച്ച ദീര്‍ഘ വീക്ഷണം ഉണ്ടെന്ന് കരുതിയിരുന്ന സംവിധാനം മുന്നോട്ടല്ല പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍, തുടങ്ങി വച്ച ഞങ്ങളുടെ സന്ധിയില്ലാ കലഹത്തിന് തോളിലിരുന്ന സ്ഥാനവും മേലങ്കി ഒരു ഭാരമായി തോന്നുന്നു.
ഇനി വിഷയത്തിലേക്ക് വരാം. രാത്രി 10മണിക്ക് തുടങ്ങിയ യോഗത്തില്‍ ഹരിത ആവശ്യങ്ങള്‍ കൃത്യമായി മുന്നോട്ട് വയ്ക്കുകയും തുടക്കത്തില്‍ അവയെ അംഗീകരിക്കാം എന്ന് തീരുമാനിച്ച നേതൃത്വം ചില ഇടപെടലുകളുടെ അനന്തരഫലമെന്നോണം, ‘നിങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ’ എന്ന് തീരുമാനിച്ച് തികച്ചും ഏകപക്ഷീയമായതും ഹരിതയുടെ ആവശ്യങ്ങളെ ഒരു തരത്തിലും പരിഗണിക്കാത്തതുമായ ഒരു പ്രസ് റിലീസ് വായിച്ചു കേള്‍പ്പിക്കുകയും, ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നല്‍കാതെ യോഗം അവസാനിക്കുകയായിരുന്നു.
പിറ്റേന്ന് മാധ്യമങ്ങളില്‍ ‘പി.കെ. നവാസിനും കബീര്‍ മുതുപറമ്പയ്ക്കും വി.എ. വഹാബിനും എതിരെ പാര്‍ട്ടി ‘നടപടി’ സ്വീകരിക്കുന്നു, അവര്‍ ‘ഖേദം പ്രകടിപ്പിക്കും’, ഹരിത കേസ് പിന്‍വലിക്കും. ‘ ഇത് കേട്ട ലെ ഹരിത, ഞങ്ങളോ…. കേസ് പിന്‍വലിക്കേ… എപ്പോ….?? സുബാഷ്.
അതെ നടപടി സ്വീകരിച്ചു, അതും ഘട്ടം ഘട്ടമായി, ആദ്യം മരവിപ്പിച്ചു പിന്നീട് പിരിച്ചു വിട്ടു. പ്രതികള്‍ ഇപ്പോഴും സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തുടരുന്നു. തികച്ചും നീതി പൂര്‍ണമായ നടപടി അല്ലെ… ! ഇത്രയും ഭീകര പരാമര്‍ശം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടിയോ, കേവലം ഒരു ‘ഖേദ പ്രകടനം’….! അത്രയ്ക്കും നിസാരമായിരുന്നോ ആ പരാമര്‍ശങ്ങള്‍ പിന്നെ എന്തേ നടപടി ഇത്രയും ലാഖവത്തോടെ ആയിപ്പോയി…? ചെയ്ത തെറ്റിന്റെ ആഴം അറിയാഞ്ഞിട്ടോ അതൊ കുറച്ച് പീറപ്പെണ്ണുങ്ങളുടെ തൊള്ള അടപ്പിക്കാന്‍ ഇത്രയൊക്കെ മതി എന്ന് കരുതീട്ടോ അതുമല്ല the fucking male ego യോ…!
‘ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു.’ ‘എന്റെ സംസാരത്തിലെ വാക്കുകള്‍ ഏതെങ്കിലും ഭാഗം സഹപ്രവര്‍ത്തകരില്‍ ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ എനിക്കതില്‍ പ്രയാസമുണ്ട് . പ്രസ്തുത കാര്യത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’
‘എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. പാര്‍ട്ടി സ്‌നേഹികള്‍ക്കോ, സഹപ്രവര്‍ത്തകര്‍ക്കൊ ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിച്ചോ, അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു.’ഇതാണ് നേരത്തെ പറഞ്ഞ ‘ഖേദ പ്രകടനം’. ചുരുക്കി പറഞ്ഞാല്‍, ‘ഞാനൊന്നും ചെയ്തിട്ടില്ല ഇനി അഥവാ നിങ്ങള്‍ക്കങ്ങനെ എങ്ങാനും തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. അതെ വളരെ മികച്ച ഒരു ഖേദ പ്രകടനം.
കബീര്‍ മുതുപറമ്പയും വി.എ. വഹാബും കുറ്റാരോപിതരായിരുന്നു. ഹരിതയിലെ പെണ്‍കുട്ടികള്‍ ‘മച്ചികളാണെന്നും പ്രസവിക്കാത്ത പ്രത്യേക തരം ഫെമിനിസ്റ്റുകളാണെന്നും’ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരണം നടത്തിയെന്ന ഗുരുതരമായ പിഴവാരോപിക്കപ്പെട്ടിട്ടു കബീറെന്ന മാന്യദേഹം മാപ്പു പറഞ്ഞത് ‘രാത്രി ഒമ്പതരക്കു ശേഷം ഫോണ്‍ വിളിക്കരുതെന്നു ഒരു മീറ്റിംഗിനുള്ളില്‍ പറഞ്ഞത് -തെറ്റല്ല/ആയി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ഇതാണ് പാര്‍ട്ടി സ്വീകരിച്ച നടപടിയുടെ നിലവാരം. ‘ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് എന്റെ പച്ചമാംസം കൊത്തിവലിക്കാന്‍ ഇനിയും ഞാന്‍ നിന്നു തരാം’ ഇതും പ്രസിഡന്റ് വകയാണ്. പക്ഷേ വാളില്‍ പോയി നോക്കീട്ട് കാര്യല്ല, സാധനം മുക്കീട്ടുണ്ട് ഗുയ്‌സ്. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ സംസാരിച്ചതും കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തരം പ്രയോഗങ്ങള്‍ ഒന്നും ഒരു തെറ്റായി തോന്നത്തതാണ് ഏറ്റവും ഭീകരമായ അവസ്ഥ. തന്റെ ഭര്‍ത്താവ് താനടക്കമുള്ള ഹരിതയിലെ പെണ്‍കുട്ടികളെ ‘തൊലിച്ചികള്‍’ എന്ന് വിളിച്ചത് തെറ്റായി തോന്നാത്ത ‘നല്ല പാതി’കള്‍ ഉള്ളതാണ് അതിലും ഭീകരമായ അവസ്ഥ.
തികച്ചും വ്യക്തികളുടെ മനോഭാവത്തിനെതിരെയുള്ള ഈ പോരാട്ടത്തെ ഗ്രൂപ്പ് വല്‍ക്കരിക്കരുത്. കാരണം ഞങ്ങള്‍ അടങ്ങുന്നതെന്ന് നിങ്ങള്‍ പറയുന്ന ഗ്രൂപ്പിലെ പല നേതാക്കളും ഹരിതക്കൊപ്പമല്ല. കേവലം വേശ്യ പരാമര്‍ശമല്ല, ഹരിതക്കാര്‍ യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ ക്രിമിനലിനാല്‍ നിയന്ത്രിക്കപ്പെടുന്ന, നയിക്കപ്പെടുന്ന ഒരു ടീമാണ് എന്നും, അങ്ങനെയാണെങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീഡിയോ അടക്കം അയാളുടെ കയ്യിലുണ്ടെന്നും കേസു കൊടുത്താല്‍ ഹരിതയിലെ പല കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ അതേ കമ്മിറ്റിയില്‍ ഈ മാന്യദേഹം പറഞ്ഞിട്ടുണ്ട്..!
വ്യക്തിപരമായി വളരെ അധികം വേദനിപ്പിക്കുന്ന വാക്കുകളായതിനാലാണ് ആ പത്തുപേരില്‍ ഒരാളായി ഒപ്പു വച്ചത്. ഇന്നും ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അവസാനിപ്പിക്കുകയാണ് ഈ പോസ്റ്റും പ്രത്യക്ഷ രാഷ്ട്രീയവും. ഫാറൂഖ് കോളേജാണ് ലീഗ് എന്താണെന്നും, എം.എസ്.എഫ് എങ്ങനെയാണെന്നും, ഹരിത എന്തിനാണെന്നും പഠിപ്പിച്ചു തന്നത്. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇന്നും വിശ്വസിക്കുന്നു കാരണം ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ അസ്ഥിത്വം മുന്നോട്ട് വയ്ക്കുന്ന ആദര്‍ശം പഠിച്ചാണ് ലീഗ് കാരിയായത്.
ഫാറൂഖ് കോളേജിന്റെ മണ്ണില്‍ നിന്നും വിദ്യാര്‍ത്ഥി യൂണിയന്റെ ആദ്യ ചെയര്‍പേഴ്സണായി ചരിത്രത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനത്തിന്റെ ആര്‍ജവമുള്ള നിലപാടായതില്‍ ഏറെ അഭിമാനമുണ്ട്. ഇന്ന് സെപ്റ്റംബര്‍ 11, ഹരിത നിലവില്‍ വന്നിട്ട് പത്തുവര്‍ഷം തികയുന്നു. പടിയിറങ്ങുകയാണ് സംതൃപ്തിയോടെ അഭിമാനത്തോടെ. അതിലേറെ ആര്‍ജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകള്‍. Don’t be blind slaves to male arrogance.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Mina Jalil says she is ending her political career and stands firm on her complaint to the Women’s Commission