മലയാള സിനിമാരംഗത്തും മിമിക്രി രംഗത്തും കഴിവ് തെളിയിച്ച രണ്ട് കലാകാരന്മാരാണ് ശിവദാദ് മട്ടന്നൂരും രാകേഷ് കലാഭവനും. നടന്‍ സലിംകുമാറിനെ അനുകരിച്ച് ശ്രദ്ധ നേടിയിട്ടുള്ളയാളാണ് രാകേഷ് കലാഭവന്‍ .
പണ്ട് നാദിര്‍ഷയുടെ ഒരു ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡിങ്ങിന് വേണ്ടി പോയപ്പോള്‍ സലിം കുമാറിനെ കണ്ടതും അദ്ദേഹത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ തന്നെ ശബ്ദം അനുകരിച്ചതുമായ അനുഭവമാണ് രാകേഷ് കലാഭവന്‍ പങ്കുവെച്ചത്.
”ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോളുണ്ട് പുറത്ത് ഒരാള്‍ ദിനേശ് ബീഡിയും വലിച്ച് ഇരിക്കുന്നു. സലിം കുമാര്‍. കാസറ്റുകളില്‍ അദ്ദേഹത്തെ ഒരുപാട് കാണുന്നതാണ്. രണ്ട് മൂന്ന് സിനിമകളില്‍ ചെറിയ വേഷങ്ങളേ അന്ന് ചെയ്തിട്ടുള്ളു. എന്നോട് എന്താ ഇവിടെ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു, നാദിര്‍ഷ്‌ക്കയുടെ ഒരു വര്‍ക്കില്‍ മാമുക്കോയയുടെ ശബ്ദം ചെയ്യാന്‍ വന്നതാണ് എന്ന്. ആ മിമിക്രിയാണോ, എന്തൊക്കെ ചെയ്യും എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു കുറച്ച് നടന്മാരെയൊക്കെ ചെയ്യും, ചേട്ടന്റെ ശബ്ദവും ചെയ്യും എന്ന്.
എന്റെ ശബ്ദമോ, ഞാന്‍ വലിയ സിനിമാ നടന്‍ ഒന്നുമല്ലല്ലോ എന്ന് അത്ഭുതത്തോടെ ചോദിച്ചു. ഞാന്‍ ശബ്ദം കേള്‍പ്പിച്ച് കൊടുത്തു. അപ്പൊ സലിം കുമാര്‍ എന്റെ കൈ പിടിച്ച് എന്നോട് പറഞ്ഞു, ‘ഞാന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും’ എന്ന്,” രാകേഷ് കലാഭവന്‍ പറഞ്ഞു.
എന്നാല്‍ ഇതില്‍ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ എന്നായിരുന്നു രാകേഷ് പറഞ്ഞതിന് മറുപടിയായി ശിവദാസ് മട്ടന്നൂര്‍ തമാശ രൂപേണ പറഞ്ഞത്. ”പക്ഷേ അതില്‍ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ. സലിം കുമാര്‍ ഇപ്പോള്‍ മൂന്ന് പടമെങ്ങാന്‍ സംവിധാനം ചെയ്തു. ഒന്നില്‍ പോലും രാകേഷിനെ വിളിച്ചിട്ടില്ല,” ശിവദാസ് അഭിമുഖത്തില്‍ പറഞ്ഞു.
നാല്‍പ്പത്തിയൊന്ന്, മാനസാന്തരപ്പെട്ട യസ്ഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള താരമാണ് ശിവദാസ് മട്ടന്നൂര്‍. വെള്ളാനകളുടെ നാട് എന്ന ടെലിവിഷന്‍ പരിപാടിയിലും അഭിനയിക്കുന്നുണ്ട്.