| Saturday, 28th October 2023, 9:55 pm

'സുരേഷ് ഗോപിയോടൊപ്പം'; പിന്തുണ പ്രഖ്യാപിച്ച് മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ പൊലീസ് കേസെടുത്ത സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ച് മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍. സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയായിരുന്നു.

സുരേഷ് ഗോപിയോടൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്ററാണ് ടിനി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ‘മതത്തിന്റെ പേരിലല്ല, രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയില്‍ ഞങ്ങളുടെ എം.എ.എ സംഘടന സുരേഷ്‌ ഗോപിയോടൊപ്പം’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

നാദിര്‍ഷാ, കോട്ടയം നസീര്‍, ടിനി ടോം, രമേഷ് പിഷാരടി, പ്രജോദ്, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ദേവി ചന്ദന തുടങ്ങി മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷനിലെ പ്രശസ്ത താരങ്ങളുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്.

ഇന്ന് ഉച്ചയോടുകൂടി മാധ്യമ പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐ.പി.സി 354 എ പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ തോളില്‍ കൈയിട്ടത്. ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തക മാറിനിന്നെങ്കിലും സുരേഷ് ഗോപി കയ്യെടുത്തില്ല. വീണ്ടും തോളില്‍ കൈ വെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ തട്ടിമാറ്റുകയായിരുന്നു.

സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ലെന്നും വിശദീകരണമായാണ് തോന്നിയതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞിരുന്നു.

Content Highlights: Mimicry artists back Suresh Gopi after his arrest

Latest Stories

We use cookies to give you the best possible experience. Learn more