| Wednesday, 7th June 2023, 1:00 pm

മുഖത്തും പല്ലുകള്‍ക്കും പരിക്ക്; മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മിമിക്രി താരം മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചി അമൃത ആശുപത്രിയില്‍ ആണ് മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ നടക്കുക. മുഖത്തും പല്ലുകള്‍ക്കുമാണ് മഹേഷിന് പരിക്കേറ്റിട്ടുള്ളത്. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ ആണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ മഹേഷുമുണ്ടായിരുന്നു. മിമിക്രിയില്‍ പുതിയ സാധ്യതകള്‍ തെളിയിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. അനായാസമായി സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടേയും മറ്റ് പ്രമുഖരുടെയും ശബ്ദം അനുകരിക്കുന്ന മഹേഷിന്റെ വീഡിയോകള്‍ വൈറലാവാറുണ്ട്.

ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും സംസാരിക്കുന്നത്, കൊവിഡ് കാലത്ത് ഹിറ്റായ പിണറായി വിജയന്റേയും നരേന്ദ്ര മോദിയുടേയും ‘പെര്‍ഫെക്ട് ഓകെ’ ഗാനം എന്നിവ മഹേഷ് കുഞ്ഞുമോന്റെ ശ്രദ്ധ നേടിയ വീഡിയോകളാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്ത് വച്ചായിരുന്നു അപകടം നടന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നിരുന്നു.

Content Highlight: Mimicry actor Mahesh Kunjumon will undergo a surgery

We use cookies to give you the best possible experience. Learn more