കൊല്‍ക്കത്ത: കടുത്ത ലൈംഗികാധിക്ഷേപത്തിന് ഇരയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബംഗാളി നടി മിമി ചക്രവര്‍ത്തി ലോക്‌സഭയിലേക്കു ജയിച്ചുകയറിയത്. തന്റെ വസ്ത്രധാരണരീതിയെയും നൃത്തത്തെയും അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മിമിയുടെ വിജയം. എന്നാല്‍ തന്റെ ആദ്യ ലോക്‌സഭാ സന്ദര്‍ശനത്തിലും പലര്‍ക്കുമുള്ള മറുപടി നല്‍കുകയാണ് മിമി. ഫേസ്ബുക്കില്‍ താന്‍ പാര്‍ലമെന്റിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മിമി വീണ്ടും ശ്രദ്ധേയയാകുന്നത്.
ജീന്‍സും ഷര്‍ട്ടും ധരിച്ചായിരുന്നു മിമിയുടെ ആദ്യ ലോക്‌സഭാ സന്ദര്‍ശനം. അതിനൊരു കാരണം കൂടിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ജീന്‍സ് ധരിച്ച് പ്രചാരണത്തിനെത്തിയ മിമിക്കെതിരേ രാഷ്ട്രീയ എതിരാളികള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്ഥാനാര്‍ഥികള്‍ ജീന്‍സ് ധരിച്ചു പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന രീതിയിലായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ അതേക്കുറിച്ച് മിമിയുടെ മറുപടിയിങ്ങനെയായിരുന്നു- ‘സല്‍വാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ടു വന്നാലുടന്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ ? എനിക്കു പ്രവര്‍ത്തിക്കാനുള്ള കഴിവില്ലതാകുമോ?’
മിമിക്കുപുറമേ കടുത്ത ലൈംഗികാധിക്ഷേപത്തെ അതിജീവിച്ചു ജയിച്ച മറ്റൊരു സ്ഥാനാര്‍ഥിയാണ് നുസ്രത്ത് ജഹാന്‍. മിമി ജാദവ്പുരില്‍ നിന്നായിരുന്നു ജയിച്ചതെങ്കില്‍ ജഹാന്‍ ബഷീര്‍ഹട്ടില്‍ നിന്നായിരുന്നു ജയിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ഇത്തവണ തങ്ങള്‍ മത്സരിപ്പിച്ച 42 സ്ഥാനാര്‍ഥികളില്‍ 17 പേരെയും വനിതകളാക്കി ചരിത്രം കുറിക്കുകകൂടിയായിരുന്നു തൃണമൂല്‍ ഇതുവഴി.
ഇരുവരും പ്രചാരണത്തിനിറങ്ങിയതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവര്‍ക്കെതിരേ വ്യാപകമായി ലൈംഗികാധിക്ഷേപവുമായി രംഗത്തിറങ്ങി. പൊതുയോഗങ്ങളിലും സാമൂഹികമാധ്യമങ്ങളിലും അടക്കം ഇവര്‍ക്കെതിരേ ലൈംഗികച്ചുവ കലര്‍ന്ന പരിഹാസങ്ങളിറങ്ങി. സംസ്ഥാനത്തു മത്സരിച്ച മറ്റേതൊരു സെലിബ്രിറ്റിയേക്കാളും ക്രൂരമായാണ് ഇരുവര്‍ക്കുമെതിരേ സൈബറാക്രമണം അടക്കം നടന്നത്.
സിനിമയുടെയോ മറ്റോ ഭാഗമായി ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഒരാള്‍ ട്വിറ്ററിലിട്ട കമന്റ് ഇങ്ങനെയാണ്- ‘തെരഞ്ഞെടുപ്പാണല്ലേ ? തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും ഒന്നിച്ച് അവരവര്‍ക്കുവേണ്ടി വോട്ട് ചോദിക്കുകയാണ്.’- ഇതിനോടൊപ്പം ലൈംഗികാധിക്ഷേപം നിറഞ്ഞ വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. മേല്‍വസ്ത്രമൂരി നൃത്തം ചെയ്താലും നിങ്ങള്‍ക്കുവേണ്ടി ഞാന്‍ വോട്ട് ചെയ്യില്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഇതിലും മോശമായ പരാമര്‍ശങ്ങളും ട്രോളുകളുമായിരുന്നു വോട്ടെണ്ണലിന്റെ തലേദിവസം വരെ ഇവര്‍ക്കെതിരേ വന്നുകൊണ്ടിരുന്നത്.
എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഈ പ്രവണതയ്ക്ക് അന്ത്യമായി. 2.95 ലക്ഷം വോട്ടുകള്‍ക്ക് മിമി ജയിച്ചപ്പോള്‍, ജഹാന്റെ വിജയം മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു. 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു തൃണമൂലിനിത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് ജഹാന്‍. മിമി അഞ്ചാമത്തെയും.
ബംഗാളി നടന്‍ ദീപക് അധികാരിയും കഴിഞ്ഞ രണ്ടുതവണകളായി ഘടല്‍ മണ്ഡലത്തില്‍ നിന്നും തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. മിമിയും ജഹാനും പങ്കെടുത്ത ഒരു ഇന്റര്‍വ്യൂയില്‍വെച്ച്, ദീപക്കിനെതിരേ ഇത്തരത്തില്‍ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ മിമിയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘കാരണം, അദ്ദേഹമൊരു പുരുഷനാണ്. അതുകൊണ്ടാണ് അതു സംഭവിക്കാതിരുന്നത്. ദേവ് എപ്പോഴെങ്കിലും ഷര്‍ട്ടില്ലാത്ത ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടോ? എനിക്കുറപ്പാണ്, അങ്ങനെയുണ്ടെന്ന്.’