ഫ്‌ളോറിഡ: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ യു.എസിലെ ഫ്‌ളോറിഡയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കരതൊട്ടതോടെ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്.
സരസോട്ട, ഫോര്‍ട്ട് മിയേഴ്‌സ്, ടാമ്പ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, തുടങ്ങിയ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ ചുഴലിക്കാറ്റുണ്ടായതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റ് കരതൊടാന്‍ തുടങ്ങിയതോടെ പ്രദേശത്തെ 55 ലക്ഷത്തിലധികം വരുന്ന ജനങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കാറ്റഗറി മൂന്ന് കൊടുങ്കാറ്റായി ശക്തി പ്രാപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മരണം മുന്നില്‍ കാണുന്ന സ്ഥിതിയാണെന്നും ജനങ്ങള്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ മരണമാകും ഫലമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
മണിക്കൂറില്‍ 120 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റും പ്രളയവും മഴയും കാരണം നിലവില്‍ ഫ്‌ളോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ ജനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും പലായനം ചെയ്യുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളില്‍ ബഹുഭൂരിപക്ഷം പേരും ഫോര്‍ട്ട്‌ലോഡര്‍ഡെയ്‌ലിയിലേക്കും മിയാമിയിലേക്കും പലായനം ചെയ്യുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.