തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. കൊഴുപ്പ് കൂടിയ പാലായ മില്‍മ റിച്ചിന്റെ (പച്ച കവര്‍) ലിറ്ററിന് രണ്ട് രൂപ കൂട്ടാനുള്ള തീരുമാനമാണ്
പിന്‍വലിച്ചത്. അതേസമയം കൊഴുപ്പ് കുറഞ്ഞ മില്‍മ സ്മാര്‍ട്ട്(മഞ്ഞ കവര്‍) പാലിന്റെ വില വര്‍ധന നിലനില്‍ക്കുമെന്നും മില്‍മ ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാലിന്റെ വില വര്‍ധിപ്പിച്ച് മില്‍മ ഉത്തരവിറക്കുന്നത്. ആറുമാസത്തിനിടയില്‍ രണ്ട് തവണ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനിടെ വില വര്‍ധനയെക്കുറിച്ച് വകുപ്പ് മന്ത്രിയോട് ചര്‍ച്ച നടത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മില്‍മ ബോര്‍ഡിനോട് വിശദീകരണം തേടുമെന്നും ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധനവില്‍ നിന്ന് പിന്‍മാറി മില്‍മ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പച്ച മഞ്ഞ പാക്കറ്റുകള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം വില കൂട്ടിയിരുന്നെന്നാണ് വിലവര്‍ധനവില്‍ മില്‍മ ബോര്‍ഡ് നല്‍കിയ വിശദീകരണം. ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വില വര്‍ധവല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നത്. പുതുക്കിയ നിരക്കിന്റെ 83 ശതമാനവും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുമെന്നും മില്‍മ അറിയിച്ചിരുന്നു.
മില്‍മ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈന്‍ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിമില്ലെന്നായിരുന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞിരുന്നത്. എന്നാല്‍ അതിന് പിന്നാലെ വില വര്‍ധിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.