| Thursday, 24th May 2018, 2:40 pm

പാലുല്‍പ്പാദനം കുറയ്ക്കണമെന്ന് ക്ഷീരകര്‍ഷകരോട് മില്‍മ; അധികമായി നല്‍കുന്ന പാലിന് വില നല്‍കില്ല; തീരുമാനം തിരിച്ചടിയെന്ന് കര്‍ഷകര്‍

ആര്യ. പി

കോഴിക്കോട്: പാലുല്‍പ്പാദനം കുറയ്ക്കാന്‍ ക്ഷീരകര്‍ഷകരോട് ആവശ്യപ്പെട്ട മില്‍മയുടെ നിര്‍ദേശം വിവാദമാകുന്നു. മലബാര്‍ മേഖലാ യൂണിയനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

അധികമായി നല്‍കുന്നപാലിന് വില നല്‍കില്ലെന്നാണ് മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദന യൂണിയന്‍ പറയുന്നത്. മില്‍മയുടെ ഈ നീക്കം കര്‍ഷകര്‍ക്കുണ്ടാക്കുന്നത് വലിയ നഷ്ടമാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.

വേനല്‍ക്കാലത്ത് പാല്‍ അധികമായതുകൊണ്ട് അടുത്ത യൂണിയനുകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വേനലവധിക്കാലത്തേക്കാള്‍ 15 ശതമാനം വര്‍ധനവാണ് സംഭവരണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വില്‍പ്പനയില്‍ ആനുപാതികമായ വര്‍ധനവ് നേടാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ അനവധിയാണെന്നും മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദന യൂണിറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.

മഴക്കാലമാകുന്നതോടെ പാല്‍ സംഭരണം കുതിച്ചുയരുകയും വില്‍പ്പന ഓഫ് സീസണായതുകൊണ്ട് കുറയുകയും ചെയ്യുമെന്നും മില്‍മ പറയുന്നു. എറണാകുളത്തേയും തിരുവനന്തപുരത്തേയും യൂണിയനുകളുടെ പാല്‍ സംഭവരണവും വര്‍ധിക്കുകയും അധികം വരുന്ന പാല്‍ അവിടേക്ക് അയക്കാനും കഴിയാത്ത സ്ഥിതി സംജാതമാകുമെന്നുമാണ് ഇവര്‍ പറയുന്നത്.

“”അധികമുള്ള പാല്‍ ഡയറിസംഭരണികളില്‍ നിന്ന് ഒഴിവാകാത്തിടത്തോളം പുതുതായി പാല്‍ ശേഖരിക്കാന്‍ കഴിയാതെ വരും. ഇത് സംഘങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നതിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ആയതുകൊണ്ട് ഡയറിലേക്ക് പാല്‍ നല്‍കുന്ന സംഘങ്ങള്‍ യാതൊരു കാരണവശാലും സംസ്ഥാനത്തെ അതിര്‍ത്തിക്കപ്പുറത്തു നിന്ന് പാല്‍ സംഭരിക്കരുത്. ക്വാട്ട പരിധി നിശ്ചയിച്ചിട്ടുള്ള സംഘങ്ങള്‍ യാതൊരു കാരണവശാലും പ്രസ്തുത അളവിലും അധികമായി പാല്‍ അയക്കരുതെന്നും അറിയിക്കുന്നു””- എന്നാണ് മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദന യൂണിറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

ഇതിന് പിന്നാലെ, ക്വാട്ടയില്‍ കൂടുതല്‍ പാല്‍ ഡെയറിയിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ക്വാട്ടയിലേക്ക് അയക്കുന്ന പാലിന്റെ വില തിരികെ ലഭിക്കുന്നതെല്ലെന്നും കാണിച്ച് മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദന യൂണിയന്റെ പാലക്കാട് സംഘം നിര്‍ദേശ കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

“”വേനല്‍മഴ ലഭിച്ചതോടുകൂടി പാലക്കാട് ഡെയറിയിലെത്തുന്ന പാലിന്റെ അളിവ് രണ്ട് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. നോമ്പ് തുടങ്ങിയതോടെ മില്‍മയുടെ വില്‍പ്പനയിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ബി.എം.സികളിലും ഡെയറിയിലും പാല്‍ കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആയതുകൊണ്ട് ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ക്വാട്ടയില്‍ കൂടുതല്‍ പാല്‍ അയക്കരുതെന്ന് അറിയിക്കുന്നു.””- എന്നാണ് മില്‍മ കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അധികമായി നല്‍കുന്ന പാലിന് വില നല്‍കില്ലെന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും കര്‍ഷകര്‍ തരുന്ന പാലിന് വില ഇപ്പോഴും കൊടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യം കര്‍ഷകരെ മനസിലാക്കുക എന്നതാണ് ഇത്തരമൊരു നിര്‍ദേശത്തിലൂടെ ഉദ്ദേശിച്ചതെന്നുമാണ് മില്‍മ മലബാര്‍ റീജിയണല്‍ കോപ്പറേറീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജിങ് ഡയരക്ടര്‍ വി.എന്‍ കേശവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”പാലുല്‍പ്പാദനം ദിവസവും ഏഴ് ലക്ഷം ലിറ്ററായി ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഒരു ദിവസത്തെ വില്‍പ്പന ഏകദേശം അഞ്ചര ലക്ഷം ലിറ്ററാണ്. ഏകദേശം ഒന്നരലക്ഷം ലിറ്റര്‍ പാല്‍ മലബാര്‍ മേഖലയില്‍ അധികമാണ്. അതില്‍ പകുതിയോളം, ഏതാണ്ട് 70000 ലിറ്റര്‍ പാല്‍ എറണാകുള,ം തിരുവനന്തപുരം ഭാഗത്തേക്ക് കൊടുക്കുന്നുണ്ട്. അതില്‍ അധികം വരുന്ന പാല്‍ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ല. അതുകൊണ്ട് തന്നെ അത് മില്‍ക് പൗഡറാക്കി മാറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ഒരു ലിറ്റര്‍ പാലിന് 12 രൂപയോളം അധിക ചിലവ് വരുന്നുണ്ട്. സാമ്പത്തിമായി ഇത് നഷ്ടമാണ്. മില്‍ക് പൗഡറിന്റെ ഇന്ത്യയിലെ വില കിലോയ്ക്ക് 140 രൂപയാണ്. ഇന്ത്യയിലെ മൊത്തം പാലുല്‍പ്പാദനം കൂടിയ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പാലിന് വില കുറച്ചിരിക്കുകയാണ്. കേരളത്തില്‍ വില കുറച്ചിട്ടില്ല. അങ്ങനെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നത് 229.30 പൈസയാണ്. മില്‍ക്ക് പൗഡറിന് 140 രൂപ കിട്ടുമ്പോഴാണ് ഇത്. അങ്ങനെ വരുമ്പോള്‍ 140 ഓളം രൂപ നമുക്ക് നഷ്ടമാണ്. ഇതാണ് ഇപ്പോഴത്തെ സാഹചര്യം””.- അദ്ദേഹം പറയുന്നു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പാലിന്റെ വില കുറവായതുകൊണ്ട് അവിടെ നിന്നുള്ള പാല് ചില സ്വകാര്യ ഏജന്‍സികള്‍ ഇവിടെ കൊണ്ട് വന്ന് മില്‍മയുമായി മത്സരിച്ച് വില്‍ക്കുകയും അതിന് അധികം കമ്മീഷന്‍ കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും മില്‍മ പറയുന്നു.

പാല് വില്‍ക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. കുറഞ്ഞ വിലയ്ക്ക് പാല്‍ അയല്‍വക്കത്ത് കിട്ടുന്നു. മത്സരം കൂടി. ആഭ്യന്തര ഉത്പാദനവും കൂടി. അതുകൊണ്ടാണ് ലിമിറ്റ് ചെയ്യണമെന്ന നിര്‍ദേശം കൊടുത്തത്. എല്ലാ സംഘങ്ങള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം കൊടുത്തിട്ടുണ്ട്. -മില്‍മ വിശദീകരിക്കുന്നു.


Dont Miss കോഴിക്കോട് നഴ്സിങ്ങ് വിദ്യാർത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു


എന്നാല്‍ മില്‍മയുടെ ഇത്തരമൊരു നിര്‍ദേശം തങ്ങള്‍ക്ക് തിരിച്ചടി തന്നെയാണെന്നും അധികമുള്ള പാല്‍ തങ്ങള്‍ എന്തുചെയ്യുമെന്നുമാണ് ക്ഷീര കര്‍ഷകര്‍ ചോദിക്കുന്നത്. “”മഴ നേരത്തെ എത്തിയതോടെ പാല്‍ ഉത്പാദനം വലിയ അളവില്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ക്വാട്ടയില്‍ കൂടുതല്‍ പാല്‍ ഡെയറിയിലേക്ക് അയക്കരുതെന്നും അങ്ങനെ അയക്കുന്ന പാലിന്റെ വില തിരികെ ലഭിക്കുന്നതെല്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ അവസ്ഥയില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്”” മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകനായ ബാലന്‍ ഡൂള്‍ന്യൂസിനോട് ചോദിക്കുന്നു.

എന്നാല്‍ അനിയന്ത്രിതമായി ഉത്പാദനം കൂടിയാല്‍ വില കുറക്കേണ്ടി വരുമെന്നും അല്ലാതെ പാല്‍ എടുക്കാതിരിക്കാന്‍ പറ്റില്ലെന്നുമാണ് മില്‍മ ഇപ്പോള്‍ പറയുന്നത്. “”മറ്റു സംസ്ഥാനങ്ങളെല്ലാം പാലിന്റെ വില കുറച്ചു. കേരളത്തില്‍ കുറച്ചിട്ടില്ല. മില്‍മ കര്‍ഷകരുടെ സ്ഥാപനമാണ്. ലാഭമായാലും നഷ്ടമായാലും എല്ലാം കര്‍ഷകര്‍ക്ക് തന്നെയാണ്. ലാഭം കിട്ടിയാല്‍ ഇന്‍സെന്റീവായി കര്‍ഷകവര്‍ക്ക് നല്‍കും. നഷ്ടം വന്നാല്‍ പാല്‍ വില കുറക്കേണ്ടി വരും. അതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്””- വി.എന്‍ കേശവന്‍ പറയുന്നു.


Also Read അട്ടപ്പാടിയിലെ നീലക്കുറിഞ്ഞി പൂത്ത താഴ്‌വര തേടി…


അമൂലിന്റെ പാല്‍പ്പൊടി കേരളത്തില്‍ കൂടുതല്‍ വില്‍ക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ ലാഭം ഗുജറാത്തിലെ കര്‍ഷകര്‍ക്ക് പോകുന്നു എന്നാണ്. നമ്മുടെ കര്‍ഷകന് അത് നഷ്ടമാണ്. മില്‍മയുടെ ഐസ്‌ക്രീമോ നെയ്യോ വാങ്ങി ഉപയോഗിക്കുമ്പോള്‍ അതിന്റെ ലാഭം ഇവിടുത്തെ കര്‍ഷകര്‍ക്കാണ് ലഭിക്കുകയെന്നും മില്‍മ മലബാര്‍ റീജിയണല്‍ കോപ്പറേറീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജിങ് ഡയരക്ടര്‍ വി.എന്‍ കേശവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more