'വിരസതയില്‍ ചായകുടി തന്നെയാണ് നല്ലത്'; ഭ്രമയുഗം എഫക്റ്റിൽ മിൽമ
തിരുവനന്തപുരം: വൈറലായി മില്‍മയുടെ പുതിയ അഡ്വെര്‍ടൈസിങ് ക്യാമ്പയിന്‍. സന്ദേശങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് ആഘോഷ ദിനങ്ങളിലും മറ്റുമായി മില്‍മ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ പുതിയതായി മില്‍മ പുറത്തുവിട്ട ക്യാമ്പയിന്‍ പോസ്റ്ററുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയുടെ പോസ്റ്ററുകള്‍ക്ക് സമാനായ രീതിയിലാണ് മില്‍മ പുതിയ പരസ്യം. കറുപ്പും വെളുപ്പും നിറത്തിലുള്ള പശ്ചാത്തലത്തില്‍ പകിടയും പകിട പലകയും അതിന്റെ ഇരുവശങ്ങളിലായി രണ്ട് ഗ്ലാസ് ചായയും വെച്ചുകൊണ്ടാണ് മില്‍മ പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. വിരസതയില്‍ ചായകുടി തന്നെയാണ് നല്ലതെന്നാണ് മില്‍മയുടെ പരസ്യ വാചകം.
ഇതാദ്യമായല്ല സിനിമയെ പശ്ചാത്തലമാക്കി മില്‍മ പോസ്റ്ററുകളും ക്യാമ്പെയിനുകളും ചെയ്യുന്നത്. നേര്, പ്രേമലു, കണ്ണൂര്‍ സ്‌ക്വാഡ്, ഫാലിമി, ലളിതം സുന്ദരം തുടങ്ങിയ സിനിമകളുടെ പേരുകള്‍ക്കും പോസ്റ്ററുകള്‍ക്കും സമാനമായി, പല വര്‍ണങ്ങളിലുള്ള നിറങ്ങളും വാക്കുകളും ഉപയോഗിച്ച് മില്‍മ വ്യത്യസ്ത രീതിയില്‍ ക്യാമ്പയിനുകള്‍ നടത്തിയിട്ടുണ്ട്.
മില്‍മയുടെ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാവാറുമുണ്ട്. സിനിമയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്ന വിഷയങ്ങളും വാക്ക് പ്രയോഗങ്ങളും സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന സംഭാഷണങ്ങളും മില്‍മ വിട്ടുകളയാറില്ല.
അത്തരത്തില്‍ കൊവിഡ് കാലത്ത് ശ്രദ്ധിക്കപ്പെട്ട ‘ചിലരുടേത് ശരിയാവും, ചിലരുടെ ശരിയാവില്ല’ എന്ന പ്രയോഗവും തമിഴ് സിനിമ ജയ്ലറിലെ ‘മനസിലായോ സാറേ’ എന്ന പ്രയോഗവും ‘അമ്മേ പൂമുഖത്തേക്ക് വണ്‍ കോഫി’ എന്ന സംഭാഷണവും മില്‍മ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെന്റുകളും മില്‍മ ഏറ്റെടുക്കാറുണ്ട്. പുതിയ തലമുറയെ കൂട്ടുപിടിച്ച് പരസ്യങ്ങളില്‍ വേറിട്ട ചിന്താഗതി പരീക്ഷിക്കാന്‍ മില്‍മ ശ്രമിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
Content Highlight: Milma’s ad text goes viral