ഓണക്കാലത്തെ പാല്‍ക്കച്ചവടത്തില്‍ നിന്ന് തമിഴ്‌നാട് പിന്മാറിയതുകാരണം മില്‍മയ്ക്ക് ഒരു കോടി രൂപ നഷ്ടം. കര്‍ണാടകയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ടി വന്നതാണ് നഷ്ടത്തിന് കാരണം
അത്തം മുതല്‍ എഴുദിവസം പ്രതിദിനം ശരാശരി ആറുലക്ഷം ലിറ്റര്‍ പാലാണ് ആവശ്യമായി വരുന്നത്. തിരുവോണ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ പാലിന് ആവശ്യം ഏറുകയും ചെയ്യും. സാധാരണയായി അധികം വേണ്ടിവരുന്ന പാല്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുകയാണ് മില്‍മ ചെയ്യുന്നത്.
എന്നാല്‍ ഇത്തവണ പാല്‍ വിതരണം ചെയ്യുന്നതില്‍ നിന്നും തമിഴ്‌നാട് പിന്മാറിയതോടെ കര്‍ണാടകയെ ആശ്രയിക്കാന്‍ മില്‍മ നിര്‍ബന്ധിതരാവുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും പാല്‍ കേരളത്തില്‍ എത്തിക്കാന്‍ ഗതാഗത ഇനത്തില്‍ തമിഴ്‌നാട്ടിനെ അപേക്ഷിച്ച് ഒന്നര രൂപ അധികം വന്നുവെന്നാണ് മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ പറയുന്നത്.
സാധാരണ ഗതിയില്‍ 12 മുതല്‍ 13 ലക്ഷം വരെ ലിറ്റര്‍ പാലാണ് ഒരു ദിവസം കേരളത്തിന് ആവശ്യമായി വരാറുള്ളത്. ഇത്തവണ തിരുവോണ നാളിനോട് അനുബന്ധിച്ച മൂന്ന് ദിവസങ്ങളില്‍ മില്‍മ വിറ്റഴിച്ചത് 60 ലക്ഷം ലിറ്റര്‍ പാലാണ്. ഓണക്കാലത്ത് ഗ്രാമീണ മേഖലകളില്‍ ആവശ്യക്കാര്‍ കൂടുമെന്നതിനാല്‍ സൊസൈറ്റികള്‍ വഴി ശേഖരിക്കുന്ന പാലില്‍ വലിയൊരളവ് അവിടെ തന്നെ വിറ്റുപോകും. അതിനാല്‍ പാല്‍ സംഭരണത്തില്‍ വലിയ കുറവുവരും. അതേസമയം പാലിന് ആവശ്യക്കാര്‍ നന്നായി വര്‍ധിക്കുകയും ചെയ്യും.
അതിനിടെ, ഓണക്കാലത്ത് മില്‍മ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരും വിറ്റു. മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പ്പനയാണിത്.
മലബാര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളയാആണ് മില്‍മ പാല്‍ വിതരണം ചെയ്യുന്നത്. മലബാര്‍ മേഖലയാണ് പാല്‍ സംഭരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണുണ്ടായത്. മൂന്ന് ദിവസം കൊണ്ട് ഇരുപത്തിയേഴ് ലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ വിറ്റത്.
പാല്‍ വില്‍പ്പനയില്‍ പന്ത്രണ്ട് ശതമാനവും തൈര് വില്‍പ്പനയില്‍ പത്തൊന്‍പത് ശതമാനവവുമാണ് ഇത്തവണ മലബാര്‍ മേഖലയിലുണ്ടായ വര്‍ധനവ്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പ്പനയ്ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി വിറ്റത്. എ.എം നീഡ്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് ഉല്പന്നങ്ങള്‍ ആപ്പ് വഴി ബുക്ക് ചെയ്യും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് പ്രത്യേകം ഫീസുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.
പാലിനും തൈരിനും പുറമേ, നെയ്യ്, പാലട, ബട്ടര്‍, പുതുതായി വിപണിയിലിറക്കിയ സേമിയ പായസം, ചീസ് എന്നിവക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
നേരത്തെ, മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നെങ്കിലും ഓണക്കാലം പരിഗണിച്ച് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയിരുന്നില്ല. സെപ്റ്റംബര്‍ 21 ഓടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന്‍ അറിയിച്ചത്.