കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്നറിയിച്ച് മില്‍മ. പാലക്കാടു മുതല്‍ കാസര്‍കോട് വരെയുള്ള കേന്ദ്രങ്ങളിലാണ് നാളെ പാല്‍ സംഭരണം നിര്‍ത്തിവെക്കുക.
പാല്‍ സംഭരിക്കുന്നതില്‍ നിലവില്‍ ഒരു ദിവസത്തെ തടസം മാത്രമാണ് മില്‍മ അറിയിച്ചിട്ടുള്ളത്. കൊവിഡിനെ തടയുന്നതിനായി ആളുകളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ കടകളും അടഞ്ഞു കിടക്കും.
കടകളടക്കുന്നതും മില്‍മയുടെ വില്‍പനയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അടുത്ത ദിവസം പാല്‍ സംഭരിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് മില്‍മ അറിയിച്ചത്.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള യൂണിറ്റുകള്‍ അടച്ചിടുമെന്നും മില്‍മ മലബാര്‍ മേഖല അറിച്ചു.
വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്. അതേസമയം യൂണിറ്റുകള്‍ അടച്ചിടുന്ന സ്ഥിതിയുണ്ടാവില്ല.
ആറു ലക്ഷം ലിറ്ററുകളോളം പാലാണ് മില്‍മ ദിവസവും സംഭരിക്കാറുള്ളത്. ചൊവ്വാഴ്ചയ്ക്ക് ശേഷവും പാല്‍ സംഭരണത്തില്‍ നിയന്ത്രണമുണ്ടാവുമെങ്കിലും കടുത്ത നിയന്ത്രണമുണ്ടാവില്ല.
കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടുണ്ട്. അതേസമയം കോഴിക്കോടും കണ്ണൂരും ഭാഗികമായും നിയന്ത്രണമുണ്ട്. കാസര്‍കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചു.