| Monday, 4th March 2019, 9:48 am

വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; മരണസംഖ്യ വ്യക്തമല്ലെന്ന് വ്യോമസേന; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാലാകോട്ടിലെ ജെയ്‌ഷെ ഭീകരകേന്ദ്രത്തിനെതിരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്.

മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന തന്നെ സ്ഥിരീകരിക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഇന്ത്യന്‍ വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബാലാകോട്ടെ ഭീകരകേന്ദ്രങ്ങള്‍ ബോംബാക്രമത്തില്‍ തകര്‍ന്നെന്ന് മാത്രമാണ് വ്യോമസേന പറഞ്ഞത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് വ്യോമസേന തന്നെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞതാണ്.


ജീവനോടെയുണ്ട്; മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്


മരണസംഖ്യയെ കുറിച്ച് നിരവധി പേര്‍ സംശയമുയര്‍ത്തുന്നുമുണ്ട്. എന്നാല്‍ അമിത് ഷാ ഇപ്പോള്‍ ഒരു കണക്കുമായി എത്തിയിരിക്കുകയാണ്. 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വ്യോമാക്രമണത്തെ രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കുകയല്ലേ ഇത്? – കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു.

വ്യോമാക്രമണത്തില്‍300-350 പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ആരാണ് പ്രചരിപ്പിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചത്. ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ വ്യോമസേനയോ വ്യക്തത വരുത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

അഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നു. പക്ഷേ നമുക്ക് ഈ ലോകത്തെ കൂടി വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം- ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

മരണസംഖ്യയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ തന്നെ നിഷേധിച്ചതാണ്. അവിടെ തീവ്രവാദികളോ സാധാരണക്കാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്നും വ്യോമസേന പറയുന്നു. അപ്പോള്‍ പിന്നെ ഈ 350 ന്റെ കണക്കിന് പിന്നില്‍ ആരാണ്?- ചിദംബരം ചോദിച്ചു.

ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവ് ചോദിച്ച മമത ബാനര്‍ജിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇവരുടെ ഈ പറച്ചിലുകളെ കുറിച്ചോര്‍ത്ത് തനിക്ക് ലജ്ജയാണ് തോന്നുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

We use cookies to give you the best possible experience. Learn more