| Saturday, 19th June 2021, 7:53 am

ഇന്ത്യയുടെ സ്വന്തം 'പറക്കും സിംഗ്' ഇനിയില്ല; മില്‍ഖ സിംഗ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖ സിംഗ് അന്തരിച്ചു. കൊവിഡ് മുക്തനായ ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നതിനാല്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. 91 വയസായിരുന്നു.

മെയ് 20ന് രോഗബാധിതനായതു മുതല്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയേണ്ടി വന്നിരുന്ന മില്‍ഖ സിംഗിന്റെ ആരോഗ്യ നില വെള്ളിയാഴ്ച രാത്രിയോടെ കൂടുതല്‍ വഷളായി. തുടര്‍ന്ന് രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

ജൂണ്‍ 14ന് മില്‍ഖ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ട്രാക്കിലെ ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായിരുന്നു മില്‍ഖ സിംഗ്. 1958ലെ കാഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി.

ഈ നേട്ടത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ മില്‍ഖ സിംഗ് ‘പറക്കും സിംഗ്’ എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 1960ലെ റോം ഒളിംപിക്‌സില്‍ വെറും 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടമായത്. 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് നീണ്ട വര്‍ഷങ്ങളോളം മില്‍ഖയുടെ പേരിലായിരുന്നു.

പാകിസ്ഥാനില്‍ ജനിച്ച മില്‍ഖ വിഭജന കാലത്താണ് ഇന്ത്യയിലെത്തുന്നത്. ഏറെ ദൈന്യതകള്‍ നിറഞ്ഞ കുട്ടിക്കാലത്തിനും കൗമാരത്തിനും ശേഷം സൈന്യത്തില്‍ ചേര്‍ന്നതാണ് മില്‍ഖയുടെ ജീവിതത്തില്‍ കായികരംഗത്ത് വഴിത്തിരവായത്. സൈന്യത്തിലുണ്ടായിരുന്ന കാലത്താണ് വിവിധ ചാംപ്യന്‍ഷിപ്പുകളില്‍ അദ്ദേഹം പങ്കെടുക്കുന്നത്.

പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്‌പോര്‍ട്‌സ് ഡയറക്ടറായും മില്‍ഖ സിംഗ് പ്രവര്‍ത്തിച്ചു. 1959ല്‍ തന്നെ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Milkha Singh passes away

We use cookies to give you the best possible experience. Learn more