ലഖ്‌നൗ: വിദേശയിനം പശുക്കളുടെ പാല്‍ ഭാരതീയര്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്.
ഹോള്‍സ്റ്റീന്‍ ഫ്രിസ്യയന്‍, ജേഴ്‌സി എന്നീ വിദേശയിനം പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷം ചെയ്യുമെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അക്രമ മനോഭാവത്തിനും ഇത് കാരണമാകുമെന്നും ഗവര്‍ണര്‍ പറയുന്നു.
ഭാരതീയര്‍ നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നടന്ന “സനാതന ഹിന്ദു ധര്‍മത്തില്‍ പശുക്കളുടെ പ്രാധാന്യം” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാം. എന്നാല്‍ എച്ച്.എഫ്, ജെഴ്സി ഇനത്തില്‍പ്പെട്ട 20 പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരേക്കര്‍ സ്ഥലത്തെ കാര്‍ഷികാവശ്യങ്ങള്‍ മാത്രമാണ് നിറവേറ്റാനാകുക.
തന്റെ നേതൃത്വത്തില്‍ മൂന്നു യൂണിവേഴ്സിറ്റികളിലായി നടന്ന പഠനത്തില്‍ നാടന്‍ പശുക്കളുടെ ചാണകത്തിലുള്ള സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശ ഇനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം അവകാശപ്പെട്ടു.
നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ടു മുതല്‍ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാല്‍ വിദേശ ഇനങ്ങളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജീവ് അമൃത് എന്ന ജൈവ വളം താന്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇത്തരം വളം മണ്ണിന്റെ ജൈവികത വര്‍ധിപ്പിക്കുമെന്നും മണ്ണിരകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുന്‍ മുഖ്യപുരോഹിതരായ ദിഗ്വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴത്തെ മുഖ്യപുരോഹിതനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു.