തിരുവനന്തപുരം: പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡി.പി.ഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പോഷക ബാല്യം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്.
ഒരു കുട്ടിയ്ക്ക് ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ് പദ്ധതി. മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം അങ്കണവാടി കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, ആറ് മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.
അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായിട്ടാണ് അങ്കണവാടി മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്കായി 61.5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു.