നിയാമേ: സൈനിക അട്ടിമറിയെത്തുടര്‍ന്ന് നൈജറുമായുള്ള സാമ്പത്തിക സഹായവും സഹകരണവും താല്‍ക്കാലികമായി നിര്‍ത്തുന്നതായി ജര്‍മനി.
നൈജറിലെ കേന്ദ്ര സര്‍ക്കാരുമായുള്ള നേരിട്ടുള്ള എല്ലാ സാമ്പത്തിക പിന്തുണയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് ഞങ്ങളുടെ പങ്കാളികളുമായി ആലോചിക്കും. ആഫ്രിക്കന്‍ യൂണിയനും പശ്ചിമാഫ്രിക്കന്‍ സംസ്ഥാനങ്ങളിലെ സാമ്പത്തിക സമൂഹവും എങ്ങനെ പ്രതികരിക്കുന്നുവെന്നത് ജര്‍മനിക്ക് പ്രധാനമാണ്,’ ഫെഡറല്‍ മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി ജോചെന്‍ ഫ്‌ലാസ്ബര്‍ത് ട്വിറ്ററില്‍ കുറിച്ചു.
2018 മുതല്‍ ജര്‍മന്‍ സൈന്യം നൈജറിന്റെ പ്രത്യേക സേനയെ പരിശീലിപ്പിച്ചിരുന്നുവെങ്കിലും 2022 അവസാനത്തോടെ അത് അവസാനിപ്പിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയനും നൈജറിന് എല്ലാ സാമ്പത്തിക, സുരക്ഷാ പിന്തുണയും വെട്ടിക്കുറച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
‘സാമ്പത്തിക പിന്തുണ ഉടനടി നിര്‍ത്തലാക്കുന്നതിന് പുറമേ, സുരക്ഷാ മേഖലയിലുള്ള എല്ലാ സഹകരണ നടപടികളും അനിശ്ചിതകാലത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു,’ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയമേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.
2021 മുതല്‍ 2024 വരെ നൈജറിലെ ഭരണം, വിദ്യാഭ്യാസം, സുസ്ഥിര വളര്‍ച്ച എന്നിവ മെച്ചപ്പെടുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ബജറ്റില്‍ നിന്ന് 503 ദശലക്ഷം യൂറോ (554 മില്യണ്‍ ഡോളര്‍) അനുവദിച്ചിട്ടുണ്ടെന്ന് അവരുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് യൂണിറ്റ് നൈജറില്‍ അട്ടിമറി നടത്തിയത്. ഭരണഘടന റദ്ദാക്കിയതായും ഭരണം ഏറ്റെടുത്തതായും സൈന്യം അറിയിച്ചിരുന്നു. പ്രസിഡന്റ് മുഹമ്മദ് ബസൗമം തടങ്കലിലാക്കിയാണ് അട്ടിമറി നടത്തിയത്.
പിന്നാലെ നൈജറിലെ നേതാവായി കേണല്‍ മേജര്‍ അമദൗ അബ്ദ്രമനെ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി സേഫ്ഗാര്‍ഡിന്റെ പ്രസിഡന്റ് താനാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
2011 ലാണ് ഒമര്‍ ചിയാനി എന്നറിയപ്പെടുന്ന അമദൗ അബ്ദ്രമനെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ചുമതല ഏറ്റെടുക്കുന്നത്. തുടര്‍ന്ന് 2018ല്‍ മുന്‍ പ്രസിഡന്റ് മഹമദൗ ഇസൗഫൂ അദ്ദേഹത്തിന് ജനറല്‍ പദവി നല്‍കി.
2015ല്‍ പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിയില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നെങ്കിലും ഇക്കാര്യം അദ്ദേഹം കോടതിയില്‍ നിഷേധിച്ചു. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയും സാമ്പത്തികവും സാമൂഹികവുമായ ഭരണം മോശമായതിനെയും തുടര്‍ന്നാണ് ഭരണം ഏറ്റെടുത്തിരിക്കുന്നതെന്ന് അബ്ദ്രമനെ അട്ടിമറിക്ക് ശേഷം പറഞ്ഞിരുന്നു. എല്ലാ ബാഹ്യ പങ്കാളികളോടും ഇതില്‍ ഇടപെടരുതെന്നും അബ്ദ്രമനെ ആവശ്യപ്പെട്ടു.
content highlights: Military coup: Germany ends economic cooperation with Niger