ഞങ്ങളുടെ പൗരന്മാരെ പുറത്താക്കിയാല്‍ യു.എസുമായുള്ള സൈനിക സഖ്യം പിന്‍വലിക്കും: ഹോണ്ടുറാസ്
World News
ഞങ്ങളുടെ പൗരന്മാരെ പുറത്താക്കിയാല്‍ യു.എസുമായുള്ള സൈനിക സഖ്യം പിന്‍വലിക്കും: ഹോണ്ടുറാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2025, 8:25 am

ടെഗുസിഗല്‍പ: ട്രംപിന്റെ തീവ്ര കുടിയേറ്റ നയത്തിനെതിരെ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്. ട്രംപ് അമേരിക്കയില്‍ നിന്ന് ഹോണ്ടുറാസ് പൗരന്മാരെ പുറത്താക്കുന്ന പക്ഷം രാജ്യവുമായുള്ള സൈനിക സഖ്യം അവസാനിപ്പിക്കുമെന്ന് ഹോണ്ടുറാസ് പ്രസിഡന്റ് ഷിയോമറ കാസ്‌ട്രോ അറിയിച്ചു.

സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെ പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഷിയോമറ ഇക്കാര്യം വ്യക്തമാക്കിയത്.

‘നമ്മുടെ സഹോദരങ്ങളെ കൂട്ടത്തോടെ പുറത്താക്കുന്ന ശത്രുതാപരമായ മനോഭാവം സ്വീകരിക്കുമ്പോള്‍, അമേരിക്കയുമായുള്ള ഞങ്ങളുടെ സഹകരണ നയങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് സൈനിക മേഖലയില്‍,’ ഷിയോമറ പറഞ്ഞു.

പതിറ്റാണ്ടുകളായി യു.എസ് ഹോണ്ടുറാസില്‍ പണം ഒന്നും നല്‍കാതെ സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തിയിട്ടുണ്ടെന്നും ഹോണ്ടുറാസുകാരെ കൂട്ടത്തോടെ പുറത്താക്കിയാല്‍ ആ സാന്നിധ്യം നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ട്രംപ് ഭരണകൂടം ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹോണ്ടുറാസിലെ പ്രധാന യു.എസ് സൈനിക സാന്നിധ്യം സ്ഥിതി ചെയ്യുന്നത് തലസ്ഥാനത്തിന് പുറത്തുള്ള സോട്ടോ കാനോ എയര്‍ ബേസിലാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഹോണ്ടുറാസ് താവളമാണെങ്കിലും, 1983 മുതല്‍ യു.എസ് അവിടെ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്‌.

മധ്യ അമേരിക്കയിലെ മാനുഷിക, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യു.എസിന്റെ ഒരു പ്രധാന ലോഞ്ചിങ് പോയിന്റാണിത്. ജോയിന്റ് ടാസ്‌ക് ഫോഴ്സ് ബ്രാവോയുടെ ആസ്ഥാനം കൂടിയാണ് ഇത്.

രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അയല്‍ രാജ്യങ്ങളോടടക്കം കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ട്രംപ് സ്വീകരിച്ചത്.

യു.എസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും മെക്‌സിക്കോ തടഞ്ഞില്ലെങ്കില്‍ രാജ്യത്തിനെതിരെ താരിഫ് ചുമത്തുമെന്ന്‌ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തിടെ ട്രംപ് പനാമ കനാലിലെ ട്രാന്‍സിറ്റ് ചാര്‍ജുകളെ വിമര്‍ശിക്കുകയും കനാല്‍ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Military alliance with US will be withdrawn if our citizens are expelled says Honduras President