|

മലാല യൂസുഫ്‌സായിയെ ആക്രമിച്ച ഭീകരര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

malala[] ഇസ്‌ലാമാബാദ്: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പോരാടിയ പാകിസ്ഥാന്‍ പെണ്‍കുട്ടി മലാല യൂസുഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച 10 തീവ്രവാദികളെ പാക്കിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തു.  പാക്കിസ്ഥാനിലെ സ്വാത് നഗരത്തിന് സമീപം മലാകാന്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പൊലീസും ഇന്റലിജന്‍സും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ പിടിയിലായത്. ആക്രമണത്തിന് പിന്നില്‍ തെഹ്‌രിക്-ഇ-താലിബാന്‍ നേതാവ്  മൗലാന ഫസലുള്ളയാണെന്ന് മേജര്‍ ജനറല്‍ അസിം ബജ്വ പറഞ്ഞു.

2012 ഒക്‌ടോബര്‍ ഒന്‍പതിനാണ് പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ സ്‌കൂളില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം മടങ്ങിയ മലാലയെ ബസ് തടഞ്ഞ് നിര്‍ത്തി താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചുവീഴ്ത്തിയത്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്ധ ചികില്‍സയിലൂടെയാണ് സുഖം പ്രാപിച്ചത്.

താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ള സ്വാത് താഴ്‌വരയില്‍  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെക്കുറിച്ച് 2009ല്‍  ബി.ബി.സി ഉറുദുവിനായി മലാല എഴുതിയ കുറിപ്പുകളാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ  മലാല യൂസഫ്‌സായിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.