നിരോധിത സംഘടനകള്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കുട്ടികളെ ഉപയോഗിക്കുന്നു; കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വീണ്ടും യു.എന്‍
national news
നിരോധിത സംഘടനകള്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കുട്ടികളെ ഉപയോഗിക്കുന്നു; കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വീണ്ടും യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 7:22 pm

യു.എന്‍: കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ നിരോധിത തീവ്രവാദ സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദും ഹിസ്ബുല്‍ മുജാഹിദീനും കുട്ടികളെ ഉപയോഗിച്ചതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. ഇന്നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കാശ്മീരില്‍ നടന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സായുധ സംഘര്‍ഷങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ തയ്യാറാക്കുന്ന പ്രതിവര്‍ഷ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. 2017 ജനുവരി-ഡിസംബര്‍ കാലഘട്ടത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം, ലോകത്താകമാനം 8,000 കുട്ടികള്‍ പോരാളികളായി റിക്രൂട്ട് ചെയ്യപ്പെടുകയും 10,000ല്‍ അധികം പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരായിത്തീരുകയോ ചെയ്യുന്നുമുണ്ട്. ഇന്ത്യയ്ക്കു പുറമേ സിറിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഫിലിപ്പീന്‍സ്, നൈജീരിയ എന്നിവയടക്കം 20 രാജ്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.

കാശ്മീരില്‍ സര്‍ക്കാരും സായുധസംഘങ്ങളുമായുള്ള അക്രമങ്ങള്‍ക്ക് കുട്ടികള്‍ ഇരയായിത്തീരുന്നുണ്ടെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടരെസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അവള്‍ക്കൊപ്പം മാത്രമാണ്! അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കലാകാരന്മാരോ മനുഷ്യരോ അല്ല: അലന്‍സിയര്‍; നേരത്തേ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും അലന്‍സിയര്‍

ഈ സംഘര്‍ഷങ്ങള്‍ക്കിടെ തീവ്രവാദ സംഘടനകള്‍ കുട്ടികളെ ഉപയോഗിച്ചിട്ടുള്ള മൂന്നു സന്ദര്‍ഭങ്ങളാണ് “ഗുരുതരമായ ലംഘനങ്ങ”ളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. “ജയ്ഷ്-ഇ-മുഹമ്മദ് ഒരു തവണയും ഹിസ്ബുല്‍ മുജാഹിദീന്‍ രണ്ടു തവണയും കുട്ടികളെ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരം ശേഖരിക്കാനായും ചാരവൃത്തിക്കായും സുരക്ഷാ സേനയും കുട്ടികളെ ഉപയോഗിക്കാറുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളതായും പറയപ്പെടുന്നു.

ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും നക്‌സലൈറ്റുകള്‍ കുട്ടികളെ നിര്‍ബന്ധിത സേവനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ ആരോപിക്കുന്നു. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ രേഖകളിലുണ്ടെങ്കിലും, ഇവരില്‍ എത്ര കുട്ടികളുണ്ടെന്നതിന് കണക്കുകളില്ല.

നാലുപെണ്ണുങ്ങള്‍ തുടങ്ങിയ പോരാട്ടം ദേശീയതലത്തിലേക്ക്: A.M.M.Aതിരെ രാജ്യത്തെ സാംസ്‌കാരിക നായകര്‍

കഴിഞ്ഞ മാര്‍ച്ചില്‍ പുല്‍വാമയിലുണ്ടായ കലാപത്തില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ തടയാനും, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങളില്‍ പങ്കുചേരാനും ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഗുട്ടേരസ് ആവശ്യപ്പെട്ടു.