തീവ്രവാദ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് സൈനികരുടെ ബോംബാക്രമണം നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Daily News
തീവ്രവാദ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് സൈനികരുടെ ബോംബാക്രമണം നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 8:10 am

അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. നൈജീരിയയിലെ ബൊര്‍ണോയിലെ അഭയാര്‍ത്ഥി കേന്ദ്രമാണ് ദുരന്തത്തിന് ഇരയായത്.

മൈദുഗുരി: നൈജീരിയയില്‍ തീവ്രവാദ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബൊക്കൊ ഹറാം തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തുന്ന ആക്രമണത്തിനിടെയാണ് സംഭവം. നൈജീരിയന്‍ സര്‍ക്കാരിന്റെ വ്യോമസേന വിമാനമാണ് അബദ്ധത്തില്‍ ബോംബ് വര്‍ഷിച്ചത്.

Also read തെരുവ് നായകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് അവയെ മൊത്തമായി കൊലപ്പെടുത്താനാകില്ല: സുപ്രീം കോടതി

അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. നൈജീരിയയിലെ ബൊര്‍ണോയിലെ അഭയാര്‍ത്ഥി കേന്ദ്രമാണ് ദുരന്തത്തിന് ഇരയായത്.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ക്രൂരപീഡനത്തിനു ഇരയാക്കുകയും ചെയ്യുന്ന ബൊക്കൊ ഹറാം തീവ്രവാദികള്‍ക്കു നേരെ നൈജീരിയന്‍ സര്‍ക്കാര്‍ പോരാട്ടത്തിലാണ്. സൈന്യത്തിന്റ മേജര്‍ ജനറല്‍ ഇത്തരമൊരു അബദ്ധം സംഭവിച്ചതായി തുറന്നു സമ്മതിച്ചിട്ടുണ്ട്.  ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് മേഖലയില്‍ തീവ്രവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നെന്ന വിവരം ലഭിച്ചിരുന്നെന്നും അഭയാര്‍ത്ഥി ക്യാമ്പാണെന്ന് വ്യക്തമായിരുന്നില്ല എന്നുമാണ് സൈനിക മേധാവി പറയുന്നത്. ആദ്യമായാണ് ഇത്തരം അബദ്ധം സംഭവിച്ചതായി സൈന്യം തുറന്നു പറയുന്നത്.

റെഡ്‌ക്രോസിലെ 20 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേര്‍സിന്റെ (എം.എസ്.എഫ്.) പ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.