കയ്റോ: ഈജിപ്റ്റിലെ വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം. പ്രാര്‍ത്ഥനക്കായി ജനങ്ങള്‍ എത്തിയ സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ 235 ലധികം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് വാഹനങ്ങളിലായെത്തിയ ഭീകരസംഘം വിശ്വാസികളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. ഈജിപിതിന്റെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ ഭീകരാക്രമണമാണിത്.
Also Read: അധ്യാപിക ശകാരിച്ചു; വെല്ലൂരില്‍ 4 വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ഭീകരര്‍ സ്ഫോടനം നടത്തിയത്. ആക്രമണത്തില്‍ ചിതറിയോടിയ ജനങ്ങള്‍ക്ക് നേരെ പള്ളിയുടെ വിവിധഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
ഭീകരര്‍ക്കെതിരെ സൈന്യത്തെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണം രാത്രിയോളം തുടര്‍ന്നു. ഒട്ടേറെ ഭീകരരെ പിടികൂടിയിരുന്നു. മാത്രമല്ല പാലസ്തീനില്‍ നിന്ന് ഗാസ വരെ നീളുന്ന തുരങ്കങ്ങളും തകര്‍ത്തിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും എറ്റെടുത്തിട്ടില്ല. ഈ മേഖലയില്‍ നിരന്തരം ആക്രമണം നടത്തി വരുന്ന ഐ.എസ് തന്നെയാവും ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി അടിയന്തിരയോഗത്തിന് ഉത്തരവിട്ടു. മാത്രമല്ല രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
2011 ല്‍ പ്രസിഡന്റ് ഹുസ്നി മുബാറക് പുറത്താക്കപ്പെട്ട ശേഷം വടക്കന്‍ സിനായ് പ്രവിശ്യ ഭീകരരുടെ കേന്ദ്രമായി മാറിയിരുന്നു. നിരന്തര ആക്രമണം നടക്കുന്ന ഈ പ്രവിശ്യയില്‍ വിവിധ എറ്റുമുട്ടലില്‍ എഴുന്നുറോളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് കനത്ത സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ അയല്‍രാജ്യമായ ഇസ്രയേല്‍ അനുശോചനം രേഖപ്പെടുത്തി.